വ്യാജ തൊഴിൽ വിസയിൽ സൗദിയിലെത്തി; മൂന്ന് മലയാളികളെ തിരിച്ചയച്ച് അധികൃതർ

നാല് ദിവസം മുൻപാണ് സംഘം റിയാദിൽ വിമാനമിറങ്ങിയത്

വ്യാജ തൊഴിൽ വിസയിൽ സൗദിയിലെത്തി; മൂന്ന് മലയാളികളെ തിരിച്ചയച്ച് അധികൃതർ
dot image

വ്യാജ തൊഴിൽ വിസയിൽ സൗദി അറേബ്യയിലെത്തിയ മൂന്ന് മലയാളി യുവാക്കളെ റിയാദ് വിമാനത്താവളത്തിൽ നിന്ന് അധികൃതർ നാടുകടത്തി. തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേരെയാണ് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് തുടർനടപടികൾക്ക് ശേഷം നാട്ടിലേക്ക് തിരികെ അയച്ചത്.

നാല് ദിവസം മുൻപാണ് സംഘം റിയാദിൽ വിമാനമിറങ്ങിയത്. വിമാനത്താവളത്തിലെ പരിശോധനയിൽ വിസ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരെ എയർപോർട്ട് അധികൃതർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത ദിവസം തന്നെ കോഴിക്കോട്ടേക്ക് തിരിച്ചയച്ചു. വ്യാജ വിസയിൽ എത്തിയതിനെ തുടർന്ന് ഇവർ സൗദി പൊലീസിന്റെ പിടിയിലാകുകയും തടങ്കലിൽ കഴിയേണ്ടി വരികയും ചെയ്തതായാണ് വിവരം.

മറ്റൊരു വിസയുടെ പ്രിന്റൗട്ടിലെ വിസ നമ്പർ, തീയതി, പേര്, പാസ്‌പോർട്ട് നമ്പർ, റഫറൻസ് നമ്പർ, തൊഴിൽ തുടങ്ങിയ വിവരങ്ങളിൽ കൃത്രിമം കാണിച്ചാണ് ഇവർക്ക് വ്യാജ രേഖകൾ നൽകിയിരുന്നത്. വിസ യഥാർത്ഥമാണെന്ന് വിശ്വസിപ്പിച്ച് ഏജന്റുമാർ ഇവരെ വഞ്ചിക്കുകയായിരുന്നു. സൗദിയിലുള്ള ഏജന്റിന് ഒന്നര ലക്ഷം രൂപ വീതം നൽകിയതായി ഇരയായ മലയാളികൾ വെളിപ്പെടുത്തി.

അതേസമയം, ഇവർക്കൊപ്പം പുറപ്പെടാൻ ശ്രമിച്ച മറ്റൊരു യുവാവിനെ വിസ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ വെച്ചുതന്നെ അധികൃതർ തിരിച്ചയച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി തിരഞ്ഞുപോകുന്നവർ വിസയുടെ നിജസ്ഥിതി പൂർണ്ണമായി ബോധ്യപ്പെട്ട ശേഷം മാത്രം യാത്ര തിരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Content Highlights: Saudi authorities sent back three Malayalis after finding that they had arrived in the country using fake employment visas. The action highlights the need for expatriates to verify employment visas and recruitment documents before travelling.

dot image
To advertise here,contact us
dot image