

പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നതില്‍ പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി സൗദി അറേബ്യ. ഇറക്കുമതി കാലയളവ് 15 ദിവസമാക്കിയതും ഇറക്കുമതി ചെയ്യുന്നതിന് മുമ്പുള്ള അംഗീകാരം തേടലും വരെ ഇതില്‍ ഉള്‍പ്പെടുന്നു. വാണിജ്യ മന്ത്രി ഡോ. മജീദ് അല്‍ ഖ്വസബി അംഗീകരിച്ച പുതിയ ഇറക്കുമതി ലൈസന്‍സ് ഗൈഡിലാണ് പുതിയ നിബന്ധനകളുള്ളത്. ഈ നിബന്ധനകള്‍ 30 ദിവസത്തിനകം പ്രാബല്യത്തില്‍ വരും.
ഒരു ചരക്ക് അതിന്റെ പ്രവേശന തുറമുഖത്ത് എത്തുന്നതിന്റെ 24 മണിക്കൂര്‍ മുമ്പെങ്കിലും പ്രവേശന അനുമതി തേടിയിരിക്കണമെന്ന് പുതിയ മാനദണ്ഡത്തില്‍ പറയുന്നു. അനുമതി ലഭിച്ചില്ലെങ്കില്‍ ചരക്ക് ഇറക്കാന്‍ സാധിക്കില്ല. സാധുവായ ഇറക്കുമതി അനുമതി ഇല്ലാതെ വരുന്ന ചരക്കുകള്‍ നിരസിക്കപ്പെടും, അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇറക്കുമതിക്കാരനായിരിക്കുമെന്നും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.
പരിസ്ഥിതി-ജല-കൃഷി വകുപ്പ് മന്ത്രാലയം നല്‍കുന്ന പഴം, പച്ചക്കറി ഇറക്കുമതി ലൈസന്‍സും അതോടൊപ്പം ഇറക്കുമതി ചെയ്യുന്നവരുടെ ബിസിനസുമായി ബന്ധപ്പെടുന്ന വാണിജ്യ രജിസ്‌ട്രേഷനും കൈവശം വെക്കണമെന്നും നിബന്ധനയുണ്ട്.
ഇറക്കുമതി ചെയ്യുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനികളുടെ അവശിഷ്ടങ്ങള്‍ ഉണ്ടാകരുതെന്നും ഇനി ഉണ്ടെങ്കില്‍ തന്നെ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി നിര്‍ദ്ദേശിച്ച അളവിനുള്ളിലേ പാടുള്ളൂവെന്നും നിര്‍ദ്ദേശമുണ്ട്. നമ പ്ലാറ്റ്‌ഫോം വഴിയാണ് കയറ്റുമതി ആപ്ലിക്കേഷന്‍ നല്‍കേണ്ടത്. പരമാവധി ഏഴ് പ്രവര്‍ത്തി ദിവസങ്ങള്‍ക്കൊണ്ടാണ് അപേക്ഷകള്‍ പരിഗണിക്കുകയുള്ളൂവെന്നും മാനദണ്ഡത്തില്‍ പറയുന്നു.
Content Highlights: Saudi Arabia has announced new standards governing the import of fruits and vegetables. The updated requirements are aimed at regulating the import process and ensuring compliance with the country’s food safety standards