ഈന്തപ്പഴ കയറ്റുമതിയിൽ സൗദി അറേബ്യ വീണ്ടും ഒന്നാമത്; നേട്ടം തുടർച്ചയായ നാലാം വർഷം

സൗദി ഈന്തപ്പഴങ്ങളുടെ ഗുണമേന്മയും വൈവിധ്യവും വിപണിയിലെ തടസ്സമില്ലാത്ത വിതരണവുമാണ് അന്താരാഷ്ട്ര തലത്തിൽ ഇവയ്ക്ക് ആവശ്യക്കാരേറാൻ കാരണം

ഈന്തപ്പഴ കയറ്റുമതിയിൽ സൗദി അറേബ്യ വീണ്ടും ഒന്നാമത്; നേട്ടം തുടർച്ചയായ നാലാം വർഷം
dot image

ലോക രാജ്യങ്ങളെ പിന്നിലാക്കി ഈന്തപ്പഴ കയറ്റുമതിയിൽ ആഗോളതലത്തിൽ വീണ്ടും ഒന്നാമതെത്തി സൗദി അറേബ്യ. തുടർച്ചയായി നാലാം വർഷമാണ് സൗദി ഈ നേട്ടം സ്വന്തമാക്കുന്നത്. ഇന്റർനാഷണൽ ട്രേഡ് സെന്റർ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 2025-ൽ 193.8 കോടി സൗദി റിയാലിന്റെ (51.77 കോടി ഡോളർ) ഈന്തപ്പഴമാണ് രാജ്യം വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്.

2024-നെ അപേക്ഷിച്ച് കയറ്റുമതി മൂല്യത്തിൽ 14 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 'സൗദി വിഷൻ 2030'-ന്റെ ഭാഗമായി കാർഷിക കയറ്റുമതി വിപുലീകരിക്കുന്നതിനും ദേശീയ സാമ്പത്തിക വളർച്ചയ്ക്കും ഈ മേഖല നൽകുന്ന പിന്തുണ വ്യക്തമാക്കുന്നതാണ് ഈ നേട്ടം. ഭരണകൂടത്തിന്റെ നിലക്കാത്ത പിന്തുണയും വിവിധ സർക്കാർ-സ്വകാര്യ ഏജൻസികളുടെ കൂട്ടായ പ്രവർത്തനവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് നാഷണൽ സെന്റർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് സിഇഒ അഹമ്മദ് അൽ-മൂസ വ്യക്തമാക്കി.

സൗദി ഈന്തപ്പഴങ്ങളുടെ ഗുണമേന്മയും വൈവിധ്യവും വിപണിയിലെ തടസ്സമില്ലാത്ത വിതരണവുമാണ് അന്താരാഷ്ട്ര തലത്തിൽ ഇവയ്ക്ക് ആവശ്യക്കാരേറാൻ കാരണം. നിലവിൽ ലോകത്തിലെ 125-ലധികം രാജ്യങ്ങളിലേക്ക് സൗദി ഈന്തപ്പഴം കയറ്റുമതി ചെയ്യുന്നുണ്ട്. രാജ്യത്ത് ആകെ 3.7 കോടിയിലധികം ഈന്തപ്പനകളാണുള്ളത്. ഇവയിൽ നിന്നായി പ്രതിവർഷം 19 ലക്ഷത്തിലധികം ടൺ ഈന്തപ്പഴമാണ് ഉത്പാദിപ്പിക്കുന്നത്. ഈന്തപ്പഴ ഉത്പാദനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള സൗദിയുടെ സ്വയംപര്യാപ്തത നിരക്ക് 125 ശതമാനത്തിലും മുകളിലാണ്.

2016-ൽ ഉണ്ടായിരുന്നതിനേക്കാൾ 192.5 ശതമാനത്തിന്റെ കൂറ്റൻ വളർച്ചയാണ് സൗദിയുടെ ഈന്തപ്പഴ കയറ്റുമതി മേഖലയിലുണ്ടായിട്ടുള്ളത്. സാമ്പത്തിക പ്രാധാന്യത്തിന് പുറമെ വലിയ സാംസ്കാരിക പാരമ്പര്യവും ഈന്തപ്പന കൃഷിക്ക് സൗദിയിലുണ്ട്. 25 ലക്ഷത്തിലധികം ഈന്തപ്പനകളുള്ള അൽ-അഹ്സ ഒയാസിസ് 2018-ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും 2020-ൽ ഗിന്നസ് വേൾഡ് റെക്കോർഡ്സിലും ഇടം നേടിയിട്ടുണ്ട്.

Content Highlights: Saudi Arabia has retained the top global position in date exports by value for the fourth consecutive year, with 2025 exports reaching SAR 1.938 billion. Saudi Press Agency

dot image
To advertise here,contact us
dot image