

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ് മുന്നോടിയായി ഇന്ത്യന്‍ ദേശീയ ടീം ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങ്, മിഡ്ഫീല്‍ഡര്‍ മുഹമ്മദ് യാസിര്‍ എന്നിവരെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. നിലവില്‍ ചെന്നൈയില്‍ നടക്കുന്ന ടീമിന്റെ പ്രീസീസണ്‍ ക്യാമ്പില്‍ ചേര്‍ന്ന ഇരുവരും സഹതാരങ്ങള്‍ക്കൊപ്പം പരിശീലനം തുടങ്ങിക്കഴിഞ്ഞു. 2026-27 സീസണിന്റെ അവസാനം വരെയാണ് ഇരുവര്‍ക്കും ക്ലബ്ബുമായി കരാറുള്ളത്.
ഒഡീഷ എഫ്സിയില്‍ നിന്നാണ് 33കാരനായ ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിംഗ് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. ഐഎസ്എല്ലിലും ഇന്ത്യന്‍ ഫുട്‌ബോളിലും നീണ്ട വര്‍ഷത്തെ പരിചയസമ്പത്തുള്ള അമരീന്ദര്‍ മുംബൈ സിറ്റി എഫ്സി, ബെംഗളൂരു എഫ്സി, മോഹന്‍ ബഗാന്‍, ഒഡീഷ എഫ്സി എന്നീ ടീമുകള്‍ക്കായും ഇന്ത്യന്‍ സീനിയര്‍ ടീമിനായും കളിച്ചിട്ടുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര തലങ്ങളില്‍ കിരീടങ്ങള്‍ നേടിയ ടീമുകളുടെ ഭാഗമായിരുന്ന താരം, സമ്മര്‍ദ്ദഘട്ടങ്ങളില്‍ കാത്തുസൂക്ഷിക്കുന്ന ശാന്തതയും കൃത്യമായ പൊസിഷനിംഗും കൊണ്ടാണ് ശ്രദ്ധേയനായത്. അമരീന്ദറിന്റെ സാന്നിധ്യം ടീമിന്റെ ഗോള്‍കീപ്പിംഗ് നിരയ്ക്ക് വലിയ കരുത്താകും.
എഫ്സി ഗോവയില്‍ നിന്നാണ് മുഹമ്മദ് യാസിര്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകുന്നത്. വിംഗുകളിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാന്‍ മികവുള്ള താരം 2017-18 സീസണ്‍ മുതല്‍ ഐഎസ്എല്ലില്‍ സജീവമാണ്. നേരത്തെ എഫ്സി പൂനെ സിറ്റി, ഹൈദരാബാദ് എഫ്സി, എഫ്സി ഗോവ എന്നീ ക്ലബ്ബുകള്‍ക്കായി ബൂട്ടണിഞ്ഞ യാസിര്‍ 2021 ല്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലും അരങ്ങേറ്റം കുറിച്ചു. പന്തുമായി മുന്നേറാനും കൃത്യമായ പാസുകളിലൂടെ അവസരങ്ങള്‍ തുറന്നെടുക്കാനും മിടുക്കനായ താരം ടീമിന്റെ അറ്റാക്കിംഗ് നിരയ്ക്ക് പുതിയ വേഗതയും വൈവിധ്യവും നല്‍കും. പുതിയ സീസണായി ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് നിരയ്ക്ക് അമരീന്ദറിന്റെയും യാസിറിന്റെയും വരവ് വലിയ മുതല്‍ക്കൂട്ടാണ്. ആദ്യ മത്സരത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ക്കായി ഇരുവരും ചെന്നൈയിലെ പ്രീ-സീസണ്‍ ക്യാമ്പില്‍ തുടരും.
content highlights: Amrinder to Guard Goal, Yasir in Midfield: Kerala Blasters Eye Maiden ISL Trophy With Big Signings