സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി; ഒരാഴ്ചയ്ക്കിടെ 11,000-ത്തിലധികം പേർ അറസ്റ്റിൽ

നിയമലംഘകർക്ക് സഹായം നൽകുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികളാണ് മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്

സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി; ഒരാഴ്ചയ്ക്കിടെ 11,000-ത്തിലധികം പേർ അറസ്റ്റിൽ
dot image

സൗദി അറേബ്യയിൽ വിവിധ നിയമലംഘനങ്ങൾക്കെതിരെയുള്ള പരിശോധന സുരക്ഷാ സേന ശക്തമാക്കി. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനൊന്നായിരത്തിലധികം പേർ പിടിയിലായി. നിയമലംഘകർക്ക് ഒത്താശ ചെയ്യുകയോ യാത്രാ-താമസ സൗകര്യങ്ങൾ ഒരുക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയും ഭീമമായ പിഴയും ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി.

താമസ (ഇഖാമ), തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് ആകെ 11,819 പേരാണ് കഴിഞ്ഞ ആഴ്ചയിൽ അറസ്റ്റിലായത്. ഇതിൽ 5,793 പേർ ഇഖാമ ലംഘനത്തിനും, 3,307 പേർ അതിർത്തി കടക്കാൻ ശ്രമിച്ചതിനും, 2,719 പേർ തൊഴിൽ നിയമ ലംഘനങ്ങൾക്കുമാണ് പിടിയിലായത്.

നിയമവിരുദ്ധമായി സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച 1,382 പേരിൽ 61 ശതമാനവും എത്യോപ്യക്കാരും 38 ശതമാനം യമൻ പൗരന്മാരുമാണ്. ഇതിനുപുറമേ, അയൽരാജ്യങ്ങളിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 32 പേരെയും നിയമലംഘകർക്ക് താമസവും യാത്രാസൗകര്യവും നൽകി സഹായിച്ച 19 പേരെയും സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തു.

നിയമലംഘകർക്ക് സഹായം നൽകുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികളാണ് മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്. ഇത്തരക്കാർക്ക് 15 വർഷം വരെ തടവും പത്ത് ലക്ഷം റിയാൽ വരെ പിഴയും ചുമത്തും. ഒപ്പം ഇവർ ഉപയോഗിച്ച വാഹനങ്ങളും വസ്തുവകകളും കണ്ടുകെട്ടുകയും ചെയ്യും. ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ ടോൾ ഫ്രീ നമ്പറുകളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. മക്ക, റിയാദ് മേഖലകളിൽ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും വിവരങ്ങൾ കൈമാറാവുന്നതാണ്.

Content Highlights: Saudi authorities continue nationwide inspection campaigns against violations of residency, labour and border security regulations. A May 2026 campaign recorded 11,300 arrests in one week, according to the Saudi Ministry of Interior.

dot image
To advertise here,contact us
dot image