

സൗദിക്കു നേരെ ഹൂത്തികളുടെ വ്യാപക മിസൈൽ-ഡ്രോൺ ആക്രമണം. വ്യോമപ്രതിരോധ സംവിധാനം തകർത്ത ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് അസീർ മേഖലയിൽ ഒരു പ്രവാസിക്ക് പരിക്കേറ്റു. അതിർത്തി പ്രദേശങ്ങളിലുണ്ടായ ആക്രമണ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം സുരക്ഷാ നിരീക്ഷണം കടുപ്പിച്ചിരിക്കുകയാണ്. ആക്രമണങ്ങൾക്ക് പിന്നാലെ ഹൂത്തികൾക്കെതിരെ ശക്തമായ തിരിച്ചടിയുമായി യമൻ സൈന്യവും രംഗത്തെത്തി.
സൗദിയിലെ അസീർ പ്രവിശ്യയിലുള്ള അഹദ് റഫീദ ഗവർണറേറ്റിലാണ് ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ വീണത്. പരിക്കേറ്റ ഏഷ്യൻ വംശജനായ പ്രവാസിക്ക് ഉടൻ തന്നെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. സംഭവത്തിൽ പ്രദേശത്തെ ഒരു കെട്ടിടത്തിലെ പ്രാർത്ഥനാ മുറിക്കും പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഖമീസ് മുഷൈത്ത് ലക്ഷ്യമിട്ടെത്തിയ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളും സൗദി വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് വിജയകരമായി തടഞ്ഞു നശിപ്പിച്ചതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. ഇത്തരത്തിൽ നശിപ്പിക്കപ്പെട്ട മിസൈലിന്റെ ഭാഗങ്ങളാണ് ജനവാസ മേഖലയിൽ പതിച്ചത്. കൂടാതെ, അതിർത്തി നഗരമായ നജ്റാനിൽ ഹൂതികൾ തൊടുത്തുവിട്ട ഷെല്ലുകൾ പതിച്ച് ഒരു സ്കൂൾ കെട്ടിടത്തിന് കേടുപാടുകൾ പറ്റിയിട്ടുണ്ടെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, ആക്രമണങ്ങൾക്ക് പിന്നാലെ ഹൂത്തികൾക്കെതിരെ യമൻ സൈന്യം തിരിച്ചടി ശക്തമാക്കിയിട്ടുണ്ട്. തായിസ് പ്രവിശ്യയിലെ ഹൂതി താവളങ്ങൾ കേന്ദ്രീകരിച്ച് യമൻ സൈന്യം 71 ഘട്ടങ്ങളിലായി കൃത്യമായ ആക്രമണങ്ങൾ നടത്തി. തരീദ്, സനാ, സഅദ, മആരിബ് തുടങ്ങിയ മേഖലകളിൽ നടന്ന ഏറ്റുമുട്ടലുകളിൽ 1,500-ലധികം ഹൂതി വിമതർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി യമൻ സൈന്യം അവകാശപ്പെട്ടു. സൗദിക്കെതിരായ ആക്രമണങ്ങളെ ജി.സി.സി രാജ്യങ്ങളും മറ്റ് അറബ് രാഷ്ട്രങ്ങളും ശക്തമായി അപലപിച്ചു.
Content Highlights: An Asian expatriate was injured after shrapnel from a ballistic missile launched by Yemen’s Houthi group fell in Ahad Rafidah governorate in Saudi Arabia’s Asir region. A prayer room and several vehicles were also damaged, according to Saudi Civil Defense. Arab News