

തിരുവനന്തപുരം: മലപ്പുറം ജില്ലയെ കുറിച്ചുള്ള സിപിഐഎം നേതാവും മുൻ എംഎൽഎയുമായ നന്ദകുമാറിന്റെ പരാമര്‍ശം തെറ്റെന്ന് സിപിഐ. മതമൗലിക വര്‍ഗീയവാദികളുടെ ഒരു കൂടാണ് മലപ്പുറം ജില്ലയെന്ന പി നന്ദകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് സിപിഐ രംഗത്തുവന്നത്. ഒരു കമ്മ്യൂണിസ്റ്റ് നേതാവ് ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും മലപ്പുറം ജില്ലയെ വര്‍ഗീയതയുടെ കൂടെന്ന് വിളിക്കുന്നത് രാഷ്ട്രീയപരമായി ശരിയല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. അത്തരം രാഷ്ട്രീയ തെറ്റ് ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് നേതാവിന് അവകാശമില്ലെന്നും നന്ദകുമാറും പാര്‍ട്ടിയും തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം, പരാമര്‍ശം വളച്ചൊടിച്ചതെന്ന് നന്ദകുമാര്‍ പറഞ്ഞു. പ്രസ്താവനയില്‍ തിരുത്തലോ ഖേദ പ്രകടനമോ നടത്താതെയാണ് നന്ദകുമാറിന്റെ പ്രതികരണം. മലപ്പുറത്തെ വര്‍ഗീയ വാദികളുടെ കൂടാക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് താന്‍ ഉദ്ദേശിച്ചതന്നാണ് വിശദീകരണം. ബിജെപിയും ലീഗും അത്തരം ശ്രമങ്ങള്‍ നടത്തുന്നുവെന്നും മലപ്പുറത്ത് നടക്കാന്‍ പോകുന്ന കുംഭമേള അതിന്റെ ഭാഗമാണെന്നും നന്ദകുമാര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പിന്റെ സമയത്ത് മുസ്‌ലിം ലീഗും അതിന് ശ്രമിച്ചു.താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യഖാനിക്കാം എന്നും നന്ദകുമാര്‍ പറഞ്ഞു.
സിപിഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റിയിലെ സ്വാഗത പ്രസംഗത്തിലായിരുന്നു പി നന്ദകുമാറിന്റെ പരാമര്‍ശം. 'മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പല സാഹചര്യങ്ങളുമുണ്ട്. മതമൗലിക വര്‍ഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല. സ്വാഭാവികമായും അതിനെ പ്രതിരോധിച്ച് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ടുപോകുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, പുതിയ കാലത്ത് അതിന്റെ രാഷ്ട്രീയ കടമകള്‍ എങ്ങനെ ഏറ്റെടുക്കണമെന്ന് പരിശോധിക്കണം', എന്നായിരുന്നു നന്ദകുമാര്‍ പറഞ്ഞത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, കെകെ ശൈലജ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ വേദിയിലിരിക്കേ ആയിരുന്നു നന്ദകുമാറിന്റെ അധിക്ഷേപ പരാമര്‍ശം.
പി നന്ദകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ എതിര്‍പ്പുയരുന്നുണ്ട്. അതേസമയം, അധിക്ഷേപം നടത്തിയ നേതാവിന്റെ അതേ നിലപാട് തന്നെയാണ് പിണറായി വിജയനും സപിഐഎമ്മിനും ഉള്ളതെന്നു വേണം കരുതാനെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. അതുകൊണ്ടാണ് തള്ളിപ്പറയാനോ തിരുത്താനോ പിണറായി വിജയന്‍ തയാറാകാതിരുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. വര്‍ഗീയ പ്രസംഗം നടത്തിയ നന്ദകുമാറിനെതിരെ കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരും പരാതി നല്‍കിയിരുന്നു. പി നന്ദകുമാറിന്റെ പരാമര്‍ശം ഭാരതീയ ന്യായ സംഹിതയിലെ 356 (അപകീര്‍ത്തിപ്പെടുത്തല്‍), 196 (മതത്തിന്റെ അടിസ്ഥാനത്തില്‍ ശത്രുത വളര്‍ത്തല്‍), 353(2) (പൊതുജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്ന പ്രസ്താവനകള്‍) വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് യൂത്ത് ലീഗ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നന്ദകുമാറിന്റെ പരാമര്‍ശത്തിനെതിരെ എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയും പൊന്നാനി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
Content Highlights: CPI state secretary Binoy Viswam criticised P Nandakumar’s remarks on Malappuram, calling them politically inappropriate. Nandakumar said his statement was misinterpreted and clarified his remarks