

സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ ഉപഭോക്താക്കൾക്കായി വൻ ഓഫറുകളുമായി വാണിജ്യ മന്ത്രാലയം. രാജ്യത്തെ പ്രമുഖ വാണിജ്യ സ്ഥാപനങ്ങളിലും ഓൺലൈൻ സ്റ്റോറുകളിലുമായി 1.2 കോടിയിലധികം ഉത്പ്പന്നങ്ങൾക്കാണ് മന്ത്രാലയം വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ദിനംപ്രതി ഉപയോഗിക്കുന്ന എല്ലാത്തരം ഉപഭോഗ വസ്തുക്കളും ഈ ഓഫറുകളുടെ പരിധിയിൽ ഉൾപ്പെടുന്നുണ്ട്.
ധനകാര്യ-വ്യാപാര മേഖലകൾക്ക് കൂടുതൽ ഉത്തേജനം നൽകുന്നതിന്റെ ഭാഗമായി 3,500-ലധികം ഡിസ്കൗണ്ട് ലൈസൻസുകളാണ് മന്ത്രാലയം വ്യക്തിഗത സ്ഥാപനങ്ങൾക്കും ഇ-കോമേഴ്സ് സ്റ്റോറുകൾക്കുമായി അനുവദിച്ചിട്ടുള്ളത്. ഒരു പ്രധാന ലൈസൻസ് സ്വന്തമാക്കുന്ന സ്ഥാപനങ്ങൾക്ക് തങ്ങളുടെ കീഴിലുള്ള എല്ലാ ശാഖകളിലും ഔട്ട്‌ലെറ്റുകളിലും ഉപഭോക്താക്കൾക്കായി ഈ ഓഫറുകൾ നൽകാനാകും. ഇത്തരം ദേശീയ ദിന ഡിസ്കൗണ്ടുകൾ അനുവദിക്കുമ്പോൾ സ്ഥാപനങ്ങളുടെ വാർഷിക ഡിസ്കൗണ്ട് ക്വാട്ടയിൽ നിന്ന് ദിവസങ്ങൾ നഷ്ടപ്പെടില്ലെന്ന പ്രത്യേകതയുമുണ്ട്.
വ്യാജ ഓഫറുകളും തട്ടിപ്പുകളും തടയുന്നതിനായി വിപണിയിൽ മന്ത്രാലയം കർശന പരിശോധന ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലുമുള്ള കടകളും ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളും നിയമങ്ങളും നിബന്ധനകളും പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി ഓഫറുകളുടെ വിശ്വസനീയത നേരിട്ട് പരിശോധിക്കാനുള്ള പ്രത്യേക സംവിധാനവും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
കടകളിലെയും ഉത്പ്പന്നങ്ങളിലെയും ഡിസ്കൗണ്ട് ലൈസൻസിൽ നൽകിയിട്ടുള്ള ഏകീകൃത ക്യൂആർ ബാർകോഡ് മൊബൈൽ ക്യാമറ ഉപയോഗിച്ച് സ്കാൻ ചെയ്യുന്നതിലൂടെ ഓഫറിന്റെ യഥാർത്ഥ വിവരങ്ങൾ ഉപഭോക്താക്കൾക്ക് തത്സമയം അറിയാൻ സാധിക്കും. ഓഫറിന്റെ സ്വഭാവം, ശതമാനം, ആനുകൂല്യം ലഭ്യമാകുന്ന തീയതികൾ, സ്ഥാപനത്തിന്റെ ലൈസൻസ് വിശദാംശങ്ങൾ എന്നിവ ഇത്തരത്തിൽ നേരിട്ട് ഉറപ്പുവരുത്താൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
Content Highlights: Saudi Arabia’s Commerce Ministry has announced major offers for residents ahead of the National Day celebrations. The initiative is aimed at making the national occasion more attractive for consumers through special offers and promotions.