

ആഗോള എണ്ണ വിപണിയിലെ സുപ്രധാന കപ്പൽ ഗതാഗത മാർഗ്ഗമായ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികളെ മറികടക്കാൻ ബദൽ മാർഗ്ഗവുമായി സൗദി അറേബ്യ. ചെങ്കടൽ തീരത്തേക്ക് എണ്ണ എത്തിക്കുന്ന തങ്ങളുടെ പ്രശസ്തമായ ‘ഈസ്റ്റ്-വെസ്റ്റ്’ പൈപ്പ്‌ലൈനിന്റെ ശേഷി വൻതോതിൽ വർദ്ധിപ്പിക്കുന്ന കാര്യം സൗദി ഭരണകൂടം സജീവമായി പരിഗണിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കഴിഞ്ഞ ഫെബ്രുവരിയിൽ ഇറാൻ യുദ്ധം ആരംഭിച്ചതിനെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതുമാണ് ഇത്തരമൊരു അടിയന്തര നീക്കത്തിലേക്ക് സൗദിയെ പ്രേരിപ്പിച്ചത്.
1980-കളുടെ തുടക്കത്തിൽ നിർമ്മിച്ച ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ വഴി നിലവിൽ പ്രതിദിനം 70 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ ചെങ്കടൽ തുറമുഖമായ യാൻബുവിൽ എത്തിക്കാൻ സാധിക്കും. ഇതിൽ 20 ലക്ഷം ബാരൽ പടിഞ്ഞാറൻ തീരത്തെ എണ്ണശുദ്ധീകരണ ശാലകൾക്കും ബാക്കി 50 ലക്ഷം ബാരൽ കയറ്റുമതിക്കുമാണ് ഉപയോഗിക്കുന്നത്. നിലവിലുള്ള ഈ ശേഷിക്ക് പുറമെ പ്രതിദിനം 20 ലക്ഷം ബാരൽ എണ്ണ കൂടി അധികമായി കൊണ്ടുപോകാൻ സാധിക്കുന്ന രീതിയിൽ പൈപ്പ്‌ലൈൻ വിപുലീകരിക്കാനാണ് സൗദി ഇപ്പോൾ പദ്ധതിയിടുന്നത്.
ഹോർമുസ് കടലിടുക്ക് കടക്കാതെ സുരക്ഷിതമായി എണ്ണ കയറ്റുമതി ചെയ്യാൻ മറ്റ് ഗൾഫ് അയൽ രാജ്യങ്ങളെക്കൂടി സഹായിക്കുന്നതാണ് ഈ പുതിയ പദ്ധതി. കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾക്ക് നിലവിൽ ഹോർമുസ് കടലിടുക്ക് ഒഴിവാക്കാനുള്ള മറ്റ് ബദൽ മാർഗ്ഗങ്ങളില്ല. ഇറാഖിന് തുർക്കിയിലേക്ക് പൈപ്പ്‌ലൈൻ ഉണ്ടെങ്കിലും തർക്കങ്ങളും അടച്ചുപൂട്ടലുകളും കാരണം അത് പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കുവൈറ്റ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ എണ്ണ കൂടി ഈ പൈപ്പ്‌ലൈൻ വഴി ചെങ്കടലിൽ എത്തിക്കാൻ സൗദി അറേബ്യയുമായും യുഎഇയുമായും പ്രാഥമിക ചർച്ചകൾ ആരംഭിച്ചതെന്ന് കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ സിഇഒ ഷെയ്ഖ് നവാഫ് അൽ സബാഹ് വ്യക്തമാക്കി.
പൈപ്പ്‌ലൈനിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനായി നിലവിലുള്ള സംവിധാനങ്ങൾ നവീകരിക്കണമോ അതോ പുതിയ പൈപ്പ്‌ലൈൻ സ്ഥാപിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുപോകാനായി ചെറിയൊരു രണ്ടാം പൈപ്പ് കൂടി ഇതിന്റെ ഭാഗമാക്കാൻ സാധ്യതയുണ്ട്. കോടിക്കണക്കിന് ഡോളർ ചിലവ് വരുന്നതും പൂർത്തിയാകാൻ വർഷങ്ങൾ എടുക്കുന്നതുമായ ഈ വൻ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഗൾഫ് മേഖലയിലെ എണ്ണ വിതരണം കൂടുതൽ സുരക്ഷിതമാകും. യുദ്ധത്തെ തുടർന്നുണ്ടായ ആഗോള എണ്ണവില വർദ്ധനവിനും വിതരണ തടസ്സങ്ങൾക്കും സ്ഥിരമായൊരു പരിഹാരം കാണാൻ ഈ പുതിയ ചുവടുവെപ്പിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.
Content Highlights: Saudi Arabia is moving to enhance oil export security by developing the Red Sea route as an alternative to the Strait of Hormuz. The initiative is aimed at ensuring uninterrupted crude shipments and strengthening the Kingdom's energy infrastructure.