

വിശുദ്ധ നഗരമായ മക്കയുടെയും പരിസരപ്രദേശങ്ങളുടെയും മുഖച്ഛായ പൂർണ്ണമായി മാറ്റുന്ന വികസന പദ്ധതികളുടെ പുതിയ ഘട്ടത്തിന് സൗദി അറേബ്യ തുടക്കം കുറിച്ചു. മക്ക, മശാഇർ റോയൽ കമ്മീഷന്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് ഈ ഡിസ്ട്രിക്റ്റ് വികസന പരിപാടി നടപ്പിലാക്കുന്നത്. ഏകദേശം 16.3 ബില്യൺ സൗദി റിയാലിലധികം (ഏകദേശം 3.6 ലക്ഷം കോടിയിലധികം ഇന്ത്യൻ രൂപ) വൻ നിക്ഷേപത്തിലാണ് ഈ ബൃഹദ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഈ പ്രൊജക്റ്റ് നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും.
മുമ്പ് വിജയകരമായി പൂർത്തിയാക്കിയ നവീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഈ പുതിയ ഘട്ടം ആരംഭിക്കുന്നത്. മക്കയുടെ ഹൃദയഭാഗത്തുള്ള ഏഴ് പ്രധാന ഡിസ്ട്രിക്റ്റുകളെ കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ പ്രവർത്തനങ്ങൾ. തെക്കൻ ജുർഹും, അൽഹിജ്‌ല, ഖാലിദിയ, കിഴക്കൻ ഹിന്ദാവിയ, തെക്കൻ ഹിന്ദാവിയ, പടിഞ്ഞാറൻ ഹിന്ദാവിയ, അൽസഹൂർ എന്നിവയാണ് നവീകരണത്തിനായി തെരഞ്ഞെടുത്തിട്ടുള്ള പ്രദേശങ്ങൾ. ഏകദേശം 44 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് ഈ നവീകരണ പദ്ധതികൾ വ്യാപിപ്പിച്ചു കിടക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി പ്രമുഖ ദേശീയ കമ്പനികളുമായുള്ള നിർണായക കരാറുകൾ ഉടൻ തന്നെ ഒപ്പുവെക്കും.
ഈ വികസന പരിപാടിയിലൂടെ മേഖലയിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനൊപ്പം നഗര പരിസ്ഥിതിയും അടിസ്ഥാന സൗകര്യങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്. സൗദി വിഷൻ-2030 ന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, സ്വദേശി-വിദേശ നിക്ഷേപങ്ങൾക്കും സുസ്ഥിര വികസനത്തിനുമുള്ള മികച്ചൊരു കവാടമായി മക്കയെ മാറ്റാൻ ഇത് സഹായിക്കും. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ദശലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന വിശുദ്ധ നഗരത്തിന്റെ പവിത്രതയും ആഗോള പദവിയും കൂടുതൽ ഉയർത്തുന്ന രീതിയിലാണ് ഓരോ നവീകരണ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിരിക്കുന്നത്.
Content Highlights: Saudi Arabia has launched a major development initiative worth 16 billion Saudi riyals to reshape Mecca. The ambitious project focuses on upgrading infrastructure, expanding public facilities, and enhancing the city's capacity to serve millions of pilgrims while supporting long-term urban development.