

തിരുവനന്തപുരം: കോഴിക്കോടും കണ്ണൂരുമടക്കം അഞ്ച് ജില്ലകളിലും ഡിഎംഒമാരായി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ഡിഎംഒമാരെ നിയമിച്ചത്. ഡോ. എല്‍ ടി സരിതകുമാരിയാണ് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. ഡോ. വിവേക് കുമാര്‍ ആറിനെ കണ്ണൂര്‍ ഡിഎംഒ ആയും ഡോ. രേഖ കെ ടിയെ കാസര്‍കോട് ഡിഎംഒ ആയും ഡോ. വിനോദ് വിയെ മലപ്പുറം ഡിഎംഒ ആയും നിയമിച്ചു. ഡോ. ഐപ്പ് ജോസഫാണ് ഇടുക്കി ഡിഎംഒ. ഷിഗെല്ല അടക്കം പകര്‍ച്ചവ്യാധികള്‍ രൂക്ഷമാകുന്ന ജില്ലകളിലെ ഡിഎംഒ പ്രതിസന്ധി റിപ്പോർട്ടർ ടിവി വാർത്തയാക്കിയിരുന്നു. സംഭവം വിവാദമായതിന് പിന്നാലെയാണ് അഞ്ച് ജില്ലകളിലും ഡിഎംഒമാരെ നിയമിച്ചത്.
ഡിഎംഒ നിയമനം പ്രതിസന്ധിയിലായതിന് പിന്നിൽ രാഷ്ട്രീയ ചരടുവലിയെന്നായിരുന്നു ഉയർന്ന ആക്ഷേപം. ഡിസിസി നേതൃത്വവും ആരോഗ്യമന്ത്രിയും രണ്ട് തട്ടിലായതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കോഴിക്കോട് മാത്രം പതിനൊന്ന് പേരായിരുന്നു പരിഗണനയിലുള്ളത്. കാസര്‍കോടും മലപ്പുറത്തും സമാന പ്രതിസന്ധിയുണ്ടായിരുന്നു. അഡീഷണല്‍ ഡിഎംഒമാര്‍ക്കാണ് നിലവിൽ ചുമതലയുള്ളത്.
ആരോഗ്യ മേഖലയില്‍ വീതംവെപ്പിന്റെ കൊയ്ത്തുത്സവം നടക്കുന്നെന്ന് എല്‍ഡിഎഫ് പരിഹസിച്ചിരുന്നു. ആരോഗ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്ന് മുൻ മന്ത്രി പി എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. മന്ത്രിയെ മറികടന്ന് ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിയുടെ വാക്ക് പ്രാവര്‍ത്തികമാകുന്നില്ല. മന്ത്രിയേക്കാള്‍ വലിയ ആരാണ് ആരോഗ്യവകുപ്പിലുള്ളതെന്നും റിയാസ് ചോദിച്ചു. ഏകോപനമുണ്ടാകാത്തത് രോഗികളെ ബാധിക്കുന്നുവെന്ന ആക്ഷേപവുമുണ്ട്. നിപ റിപ്പോര്‍ട്ട് ചെയ്തിട്ടും ഡിഎംഒ കസേര ഒഴിഞ്ഞു കിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുരുതരമായ സാഹചര്യത്തിലും മന്ത്രി ജില്ലയിലുണ്ടായിരുന്നില്ല, ഡിഎംഒ വരാനും രണ്ടര വര്‍ഷം കാത്തുനില്‍ക്കണോയെന്നും റിയാസ് പരിഹസിച്ചിരുന്നു.
ഡിഎംഒമാരുടെ ഒഴിവ് ഉടന്‍ നികത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജയും രംഗത്തെത്തിയിരുന്നു. പകര്‍ച്ചപ്പനികളുടെ കാലത്ത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉണ്ടായിരിക്കുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും അവരാണ് കാര്യങ്ങള്‍ ഏകോപിപ്പിക്കേണ്ടതെന്നും കെ കെ ശൈലജ പറഞ്ഞിരുന്നു.
Content Highlights: Resolving the vacancy crisis amidst rising infectious diseases, the Kerala Government has issued an official order appointing new District Medical Officers (DMOs) for five districts.