

മലയാള സിനിമയിൽ ആരാധകർ ഏറെയുള്ള നടനാണ് പൃഥ്വിരാജ്. സമീപ കാലത്തുള്ള നടന്റെ സിനിമാ തിരഞ്ഞെടുപ്പുകൾ എല്ലാം തന്നെ ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജിന്റേതായി അണിയറയിൽ നിരവധി സിനിമകളാണ് ഒരുങ്ങുന്നത്. ഇപ്പോഴിതെ മലയാള സിനിമയിൽ വളരെ എളുപ്പത്തിൽ സമീപിക്കാൻ കഴിയുന്ന നടൻ താനാണെന്ന് പറയുകയാണ് നടൻ. തനിക്ക് മാനേജർ ഇല്ലെന്നും തിരക്കഥ കേൾക്കുന്നതും തിരഞ്ഞെടുക്കുന്നതും താൻ തന്നെ ആണെന്നും പൃഥ്വിരാജ് പറഞ്ഞു.റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘ഇൻഡസ്ട്രിയിലുള്ള പലരും ഇതിനോട് യോജിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മലയാളത്തിൽ വളരെ പെട്ടന്ന് സമീപിക്കാൻ കഴിയുന്ന ആക്ടർ ഞാനാണ്. കാരണം എനിക്ക് ഇപ്പോഴും ഒരു മാനേജർ ഇല്ല. എനിക്ക് വരുന്ന കഥകൾ കേൾക്കാനും വായിക്കാനും അതിൽ നിന്ന് നല്ലത് മാത്രം ഫിൽറ്റർ ചെയ്ത് എന്നിലേക്ക് എത്തിക്കാനും അങ്ങനെ ആരുമില്ല. നിങ്ങൾക്ക് ഒരു കഥ പറയാൻ ഉണ്ടെങ്കിൽ എന്നെ തന്നെ നേരിട്ട് സമീപിക്കാം. അത് നിങ്ങളുടെ ഭാഗ്യം പോലെയായിരിക്കും, അതുപോലെ എന്റെ സമയത്തെയും ആശ്രയിച്ചിരിക്കും.
എനിക്ക് കഥകൾ കേൾക്കാൻ ഒരുപാട് ഇഷ്ടമാണ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട നിരവധി കഥകളുടെ ഭാഗമാകാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ആരെങ്കിലും ഒരു കഥ പറഞ്ഞിട്ട് അത് എനിക്ക് ശരിക്കും ഇഷ്ടമായാൽ, ഞാൻ ആദ്യം പറയുന്നത് എനിക്ക് ഈ കഥ ഒരുപാട് ഇഷ്ടപ്പെട്ടു. ഇത് തീർച്ചയായും ചെയ്യാൻ ആഗ്രഹമുണ്ട്. പക്ഷേ അത് എപ്പോൾ സാധിക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല എന്നാണ്. അതിന് അവർ ‘ഞങ്ങൾ കാത്തിരിക്കാം’ എന്ന് മറുപടി പറയുമ്പോൾ എനിക്ക് വലിയ സന്തോഷമാണ്. പിന്നെ ചെയ്യാനുള്ളത് എന്റെ സമയവും ഷെഡ്യൂളും ഒത്തുചേർത്ത് ആ സിനിമ യാഥാർഥ്യമാക്കാനുള്ള ശ്രമമാണ്,’ പൃഥ്വിരാജ് പറഞ്ഞു.
നടനത്തേതായി തിയേറ്ററിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം ഐ നോബഡി ആണ്. വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘ഖലീഫ’യും ഇതിനൊപ്പം എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന മഹേഷ് ബാബു ചിത്രം ‘വാരാണസി’, മേഘ്ന ഗുൽസാറിന്റെ ‘ദായ്റ’, രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ‘ഒടിയൻ: ദ ഏജ് ഓഫ് ഇല്ല്യൂഷൻ’ എന്നിവയുൾപ്പെടെ നിരവധി വമ്പൻ പ്രോജക്ടുകളാണ് പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
Content Highlights: Actor Prithviraj Sukumaran has revealed that he does not have a manager to handle his professional commitments. Explaining his approach, the actor said he considers himself one of the most accessible actors in the Malayalam film industry, as people can reach him directly without going through intermediaries. His remarks highlight his preference for maintaining direct communication in both personal and professional matters.