

സൗദി അറേബ്യയിൽ താമസ നിയമം, തൊഴിൽ നിയമം, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ചതിന് ഒരാഴ്ചയ്ക്കുള്ളിൽ 15,288 പേരെ അധികൃതർ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജൂൺ 11 മുതൽ ജൂൺ 17 വരെയുള്ള കാലയളവിൽ രാജ്യത്തുടനീളം സുരക്ഷാ ഏജൻസികളും വിവിധ സർക്കാർ വകുപ്പുകളും സംയുക്തമായി നടത്തിയ പരിശോധനകളിലാണ് ഇവർ പിടിയിലായത്. അറസ്റ്റിലായവരിൽ 7,864 പേർ താമസ നിയമ ലംഘകരും 4,576 പേർ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരും 2,848 പേർ തൊഴിൽ നിയമ ലംഘകരുമാണ്.
നിയമവിരുദ്ധമായി അതിർത്തി കടന്ന് സൗദിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1,668 പേരെയും ഇതേ കാലയളവിൽ സുരക്ഷാ സേന പിടികൂടി. അതിർത്തിയിൽ വച്ച് പിടിയിലായവരിൽ 53 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും 46 ശതമാനം പേർ യെമനികളും ബാക്കി ഒരു ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. കൂടാതെ, നിയമവിരുദ്ധമായ രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 54 പേരെയും അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിയമലംഘകർക്കെതിരെയുള്ള കർശന നടപടികൾ ഇപ്പോഴും തുടരുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിൽ 21,758 പുരുഷന്മാരും 1,829 സ്ത്രീകളും ഉൾപ്പെടെ ആകെ 23,587 വിദേശികൾക്കെതിരെ നിയമപരമായ നടപടികൾ പുരോഗമിക്കുകയാണ്. ഈ പരിശോധനാ കാലയളവിൽ മാത്രം നിയമം ലംഘിച്ച 10,458 പേരെ സൗദിയിൽ നിന്നും നാടുകടത്തി. യാത്രാരേഖകൾ ശരിയാക്കുന്നതിനായി 15,109 പേരെ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കി 1,979 പേർ നാടുകടത്തലിന് മുന്നോടിയായുള്ള യാത്രാ ക്രമീകരണങ്ങൾ പൂർത്തിയാക്കി വരികയാണ്.
നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവർക്ക് താമസം, ഗതാഗതം, ജോലി എന്നിവ നൽകി നിയമലംഘനങ്ങൾക്ക് ഒത്താശ ചെയ്ത 24 പേരെയും ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തേക്ക് നിയമവിരുദ്ധമായി പ്രവേശിക്കുന്നവരെയോ മറ്റ് നിയമലംഘകരെയോ സഹായിക്കുകയോ, അവർക്ക് അഭയം നൽകുകയോ, ജോലി നൽകുകയോ ചെയ്യുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി. സൗദി നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാം. കൂടാതെ, നിയമലംഘനത്തിന് ഉപയോഗിച്ച വാഹനങ്ങളും വസ്തുവകകളും കണ്ടുകെട്ടുകയും ചെയ്യും.
Content Highlights: Saudi Arabia has stepped up nationwide enforcement measures, leading to the arrest of over 15,000 violators in just one week. The operation focused on individuals accused of breaching residency, labor, and border regulations, reflecting the Kingdom’s continued efforts to strengthen compliance with national laws.