

സൗദി അറേബ്യയിൽ സുരക്ഷാ നിയമങ്ങൾ ലംഘിച്ച ഏഴായിരത്തി എഴുന്നൂറിലധികം പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഒരാഴ്ചയ്ക്കുള്ളിൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്. നിയമലംഘകർക്ക് ഒത്താശ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
രാജ്യവ്യാപകമായി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനകളിൽ ആകെ 7,760 നിയമലംഘകരാണ് സുരക്ഷാ സേനയുടെ പിടിയിലായത്. ഇതിൽ 4,060 പേർ താമസ നിയമ ലംഘനത്തിനും, 2,574 പേർ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനും 1,126 പേർ തൊഴിൽ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ടുമാണ് അറസ്റ്റിലായത്. ഇതിനുപുറമെ, രാജ്യത്തേക്ക് നിയമവിരുദ്ധമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,184 പേരെ അതിർത്തികളിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.
അതിർത്തി വഴി അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചവരിൽ 70 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും 28 ശതമാനം പേർ യമനികളും രണ്ട് ശതമാനം പേർ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. സൗദിയിൽ നിന്ന് അയൽ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി അതിർത്തി കടക്കാൻ ശ്രമിച്ച 25 പേരും ഇക്കാലയളവിൽ പിടിയിലായിട്ടുണ്ട്. ഇത്തരം നിയമലംഘകർക്ക് രാജ്യത്ത് ഒളിച്ചുകഴിയാൻ താമസസൗകര്യവും യാത്രാസൗകര്യവും ഒരുക്കിക്കൊടുത്ത 16 സഹായികളെയും സുരക്ഷാ വിഭാഗം അറസ്റ്റുചെയ്തു.
അനധികൃത കുടിയേറ്റക്കാർക്ക് വാഹനസൗകര്യമോ താമസസ്ഥലമോ മറ്റ് സഹായങ്ങളോ നൽകുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമായാണ് രാജ്യം കണക്കാക്കുന്നത്. ഇത്തരം കുറ്റക്കാർക്ക് പരമാവധി 15 വർഷം വരെ തടവും ഒരു മില്യൺ സൗദി റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.
Content Highlights: Saudi authorities have detained over 7,000 people in a large-scale enforcement drive targeting security violations. The operation is part of ongoing efforts to strengthen law enforcement, ensure public safety, and uphold regulatory compliance across the country.