

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ കയറ്റുമതി മേഖല ഗണ്യമായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. പ്രത്യേകിച്ച് സമുദ്രോത്പന്നങ്ങൾ , കാർഷിക, നിർമ്മാണ മേഖലകൾ രാജ്യത്തിന്റെ വിദേശ വ്യാപാരത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ആഗോള വിപണിയിൽ വിതരണ ശൃംഖല മാറിയ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ഇത് പുതിയ അവസരങ്ങൾ തുറന്നു.
പുതിയ വിപണികൾ കണ്ടെത്തുക, നിലവിലുള്ള പങ്ക് വർധിപ്പിക്കുക, വാല്യൂ -ആഡഡ് ഉൽപ്പന്നങ്ങൾ കൂടുതൽ കയറ്റുമതി ചെയ്യുക എന്നതാണ് ഇന്ത്യയുടെ കയറ്റുമതി തന്ത്രം. ഇതിന്റെ ഫലമായി കയറ്റുമതിയിൽ കൃത്യമായ ഇടം നേടാനും രാജ്യത്തിനായിട്ടുണ്ട്. അടുത്ത ഘട്ട ലക്ഷ്യം സമുദ്രോത്പന്ന കയറ്റുമതി മേഖലയിൽ മാത്രം ഏകദേശം 30 ബില്യൺ ഡോളർ വരെ വളർച്ച നേടുക എന്നതാണ്. ഇത് ഇന്ത്യയുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥക്കും തീരദേശ സംസ്ഥാനങ്ങൾക്കും വലിയ വളർച്ചാ അവസരമാണ് സൃഷ്ടിക്കുക.
സമുദ്രോത്പന്നങ്ങൾ, ഇന്ത്യയുടെ പ്രധാന ശക്തി
ഇന്ത്യയുടെ കയറ്റുമതിയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിത്. പ്രത്യേകിച്ച് ചെമ്മീൻ കയറ്റുമതി. ഈ മേഖല കഴിഞ്ഞ പത്ത് വർഷങ്ങളിൽ ഏകദേശം 70% വരെ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ആഗോള മത്സരം കണക്കിലെടുക്കുമ്പോൾ വളരെ വലിയ നേട്ടമാണ്.
ഇന്ത്യയിലെ തീരദേശ മേഖലകളായ ആന്ധ്രാപ്രദേശ്, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവയാണ് പ്രധാന ഉത്പാദന കേന്ദ്രങ്ങൾ. ഇവിടെ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ചെമ്മീൻ അമേരിക്ക, യൂറോപ്പ്, ചൈന, ജപ്പാൻ തുടങ്ങിയ വിപണികളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നു.കുറഞ്ഞ ഉൽപ്പാദന ചെലവ്, വലിയ മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങൾ, കൂടാതെ കയറ്റുമതിയിൽ ശക്തമായ നെറ്റ്‌വർക്ക് എന്നിവയാണ് ഇന്ത്യയ്ക്ക് മേഖലയിലെ മുന്നേറ്റത്തിനുള്ള പ്രധാന കാരണം. ഇതോടെ രാജ്യം ലോകത്തിലെ പ്രധാന സമുദ്രോത്പന്ന വിതരണക്കാരിൽ ഒരാളായി മാറി.
ഇപ്പോഴത്തെ പ്രധാന വെല്ലുവിളി
ശക്തമായ വളർച്ചയ്ക്കിടയിൽ ഇപ്പോൾ ഒരു വലിയ പ്രശ്നം ഉടലെടുത്തിട്ടുണ്ട്. ചില ഇന്ത്യൻ ചെമ്മീൻ കയറ്റുമതി വിദേശ വിപണികളിൽ നിന്ന് നിരസിക്കപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ചില സാമ്പിളുകളിൽ നിരോധിത ആന്റിബയോട്ടിക് അംശങ്ങൾ കണ്ടെത്തിയതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ വളരെ കർശനമാക്കിയിരിക്കുന്ന അമേരിക്കയും യൂറോപ്യൻ യൂണിയനും പോലുള്ള വിപണികളിൽ ഇത് വളരെ ഗൗരവമായ പ്രശ്ങ്ങൾക്ക് വഴിവെക്കും. വെറും ഒരു ടെക്നിക്കൽ പ്രശനം മാത്രമല്ല, ഇന്ത്യയുടെ കയറ്റുമതി വിശ്വാസ്യതയെ നേരിട്ട് ബാധിക്കുന്ന വിഷയമാണ് എന്നതാണ് പ്രശനത്തിന്റെ ഗൗരവം വർധിപ്പിക്കുന്നത്.

സംഭവങ്ങൾ തുടർന്നാൽ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി മേഖലയ്ക്ക് ദീർഘകാലത്തിൽ വലിയ ആഘാതം ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രധാനമായും പ്രീമിയം വിപണികളായ യൂറോപ്പിയൻ യൂണിയൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ കൂടുതൽ കർശനമായ പരിശോധനാ നടപടിക്രമങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്. ഇത് ഷിപ്പിങ് കാലതാമസം, ഉയർന്ന ചെലവുകൾ എന്നിവയ്ക്ക് കാരണമാകാം. കൂടാതെ പുതിയ വ്യാപാര കരാർ സ്വന്തമാക്കുന്നതിലും ഇന്ത്യക്ക് കടുത്ത മത്സരം സൃഷിടിക്കും.
സർക്കാർ ലക്ഷ്യങ്ങളും ഭാവി തന്ത്രങ്ങളും
ഇന്ത്യൻ സർക്കാർ കയറ്റുമതി മേഖലയെ കൂടുതൽ ശക്തമാക്കുന്നതിനായി നിരവധി പദ്ധതികൾ നടപ്പിലാക്കുകയാണ്. സമുദ്രോത്പന്ന മേഖലയെ പ്രത്യേകമായി ശ്രദ്ധിച്ച് ഉൽപ്പാദന നവീകരണം, കോൾഡ് ചെയിൻ അടിസ്ഥാന സൗകര്യങ്ങൾ, ഗുണനിലവാര പരിശോധനാ ലാബുകൾ എന്നിവ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കൂടാതെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കാൻ സഹായിക്കുന്ന പരിശീലന പരിപാടികളും, നിരീക്ഷണ സംവിധാനങ്ങളും നടപ്പിലാക്കും. കയറ്റുമതി അളവ് വർധിപ്പിക്കൽ മാത്രമല്ല ഉയർന്ന നിലവാരമുള്ളതും ആഗോളതലത്തിൽ വിശ്വസനീയവുമായ കയറ്റുമതി ആവാസവ്യവസ്ഥ സൃഷ്ടിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വശത്ത് ശക്തമായ വളർച്ചയും വലിയ അവസരങ്ങളും നിലനിൽക്കുമ്പോഴും മറുവശത്ത് ഗുണനിലവാരം ഉറപ്പാക്കേണ്ട വലിയ ഉത്തരവാദിത്തവും നിലനിൽക്കുന്നുണ്ട്. ഇനി വരുന്ന വർഷങ്ങളിൽ കയറ്റുമതി മേഖലയുടെ മുന്നേറ്റത്തെ നിർണയിക്കുന്നത് ഉൽപ്പാദനത്തിന്റെ അളവല്ല, മറിച്ച് അതിന്റെ ഗുണനിലവാരവും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതുമാണ്. അതുകൊണ്ടുതന്നെ ഈ “ക്രെഡിബിലിറ്റി ടെസ്റ്റ് ” ഇന്ത്യയുടെ എക്സ്പോർട്ട് ഭാവിക്ക് ഏറ്റവും നിർണായക ഘട്ടമായി മാറുകയാണ്.