

സൗദി അറേബ്യ റിയാദിലെ ആറ് പ്രധാന ബിസിനസ്സ് മേഖലകളിൽ ഫ്ലെക്സിബിൾ പ്രവൃത്തി സമയത്തിന് തുടക്കമായി. റിയാദിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക, ദൈനംദിന യാത്രാസൗകര്യം മെച്ചപ്പെടുത്തുക, ജീവിതനിലവാരം ഉയർത്തുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി. റിയാദ് സിറ്റി റോയൽ കമ്മീഷനും മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ചാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. നിർദ്ദിഷ്ട പ്രവൃത്തി മേഖലകളിൽ സ്ഥിതി ചെയ്യുന്ന അമ്പതിലധികം സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി നാല് മണിക്കൂർ നീളുന്ന ഫ്ലെക്സിബിൾ അറ്റൻഡൻസ് വിൻഡോയാണ് (ഓഫീസിലെത്താനുള്ള സമയക്രമം) ഈ പദ്ധതിയിലൂടെ അവതരിപ്പിക്കുന്നത്.
കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ്, ഡിജിറ്റൽ സിറ്റി, ഡിപ്ലോമാറ്റിക് ക്വാർട്ടർ, ലെയ്‌സൻ വാലി, ഗ്രനാഡ ബിസിനസ്സ്, റോഷ്ൻ ഫ്രണ്ട് എന്നിവയാണ് ഈ പദ്ധതിയുടെ പരിധിയിൽ വരുന്ന ആറ് നിർദ്ദിഷ്ട മേഖലകൾ. സ്ഥിരമായ പ്രവൃത്തി സമയമുള്ള ഭരണപരമായ തസ്തികകൾക്കാണ് ഈ പദ്ധതി ബാധകമാവുക. ആരോഗ്യരംഗവും പൊതുവിദ്യാഭ്യാസവും ഉൾപ്പെടെ നിരന്തരമായ ജീവനക്കാരുടെ സാന്നിധ്യവും സേവനവും ആവശ്യമുള്ള മേഖലകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
റിയാദിൽ സമീപ വർഷങ്ങളിൽ ജനസംഖ്യയിലും യാത്രാ ആവശ്യങ്ങളിലും വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിവേഗം വളരുന്ന മഹാനഗരമായ റിയാദിലെ ഗതാഗത പ്രവാഹം മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കുന്ന വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ നടപടി. പുതിയ നിയമപ്രകാരം സിവിൽ സർവീസ് നിയമത്തിന് കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ രാവിലെ 5:30-നും 9:30-നും ഇടയിലുള്ള ഏത് സമയത്തും ജോലി ആരംഭിക്കാൻ ജീവനക്കാരെ അനുവദിക്കും. എന്നാൽ തൊഴിൽ നിയമത്തിന് കീഴിലുള്ള സർക്കാർ സ്ഥാപനങ്ങൾ രാവിലെ 7:00-നും 11:00-നും ഇടയിലുള്ള സമയക്രമമായിരിക്കും സ്വീകരിക്കുക.
രാവിലത്തെ സമയങ്ങളിൽ യാത്രാ ആവശ്യങ്ങൾക്ക് തുല്യപ്രാധാന്യം ലഭിക്കുക, തിരക്കേറിയ സമയങ്ങളിൽ റോഡിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുക, നഗരത്തിലുടനീളമുള്ള ദൈനംദിന യാത്രകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിലൂടെ ലക്ഷ്യമിടുന്നത്.
Content Highlights: Riyadh has implemented flexible working hours across six business sectors to tackle growing traffic congestion. The initiative is aimed at spreading peak-hour traffic and improving commuting efficiency for residents and workers.