ഹജ്ജ് തീർത്ഥാടകർക്ക് കൈത്താങ്ങായി മലയാളിയുടെ കമ്പനി; ശ്രദ്ധേയമായി ഡോ. ഷംഷീറിന്റെ ആർപിഎം സേവനങ്ങൾ

ആരോഗ്യ പ്രവർത്തകർക്ക് സജീവ പിന്തുണയുമായി സൗദി റെഡ്ക്രസന്റ് നേതൃത്വവും ഡോ. ഷംഷീറും ഒപ്പമുണ്ട്.

ഹജ്ജ് തീർത്ഥാടകർക്ക് കൈത്താങ്ങായി മലയാളിയുടെ കമ്പനി; ശ്രദ്ധേയമായി ഡോ. ഷംഷീറിന്റെ ആർപിഎം സേവനങ്ങൾ
dot image

റിയാദ്: മക്കയിലും പുണ്യനഗരങ്ങളിലും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ അതിന്റെ അവസാന നാളുകളിലേക്ക് കടക്കുകയാണ്. ഈ ദിവസങ്ങളിൽ തീർത്ഥാടകർക്ക് സുരക്ഷയും പരിചരണവുമൊരുക്കി ചരിത്രത്തിന്റെ ഭാഗമാവുകയാണ് സൗദി റെസ്പോൺസ് പ്ലസ് മെഡിക്കൽ (സൗദി ആർപിഎം). സൗദി ഭരണകൂടവുമായി ചേർന്ന് സൗദി റെഡ് ക്രെസന്റ് അതോറിറ്റി ഒരുക്കുന്ന അടിയന്തര ആരോഗ്യ സേവനങ്ങൾക്കുള്ള പ്രവർത്തന ചുമതല ഇക്കുറി സൗദി ആർപിഎമ്മിനാണ് ലഭിച്ചിരിക്കുന്നത്. കമ്പനി ചെയർമാനായ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിൽ സൗദി ആർപിഎം വിപുലമായ സജ്ജീകരണങ്ങൾ ഹജ്ജ് തീർത്ഥാടകർക്കായി ഒരുക്കിയിട്ടുണ്ട്.

6,000-ത്തിലധികം വരുന്ന പ്രത്യേക മെഡിക്കൽ സംഘത്തെയും അത്യാധുനിക സജ്ജീകരണങ്ങളുള്ള 300-ലധികം ആംബുലൻസുകളുമാണ് തീർത്ഥാടകരുടെ സേവനത്തിനായി വിന്യസിച്ചിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്ക് സജീവ പിന്തുണയുമായി സൗദി റെഡ്ക്രസന്റ് നേതൃത്വവും ഡോ. ഷംഷീറും ഒപ്പമുണ്ട്.

സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുൽ റഹ്മാൻ അൽ ജലാജേൽ നേരിട്ട് പാരാമെഡിക്കൽ ജീവനക്കാരെ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. അടിയന്തര ചികിത്സ നൽകാൻ പുണ്യഭൂമിയിൽ കർമനിരതരായിരിക്കുന്ന ആരോഗ്യ പ്രവർത്തകരെ അദ്ദേഹം പ്രത്യേകം അനുമോദിക്കുകയും ചെയ്തു.

തീർത്ഥാടക ലക്ഷങ്ങൾ ഒത്തുകൂടിയ മിന, അറഫാത്ത്, മുസ്ദലിഫ എന്നിവിടങ്ങളിലും ഗ്രാൻഡ് മോസ്ക് പരിസരങ്ങളിലും ആർപിഎം ടീം സജീവമാണ്. തിരക്കേറിയ പുണ്യസ്ഥലങ്ങളിൽ അടിയന്തിര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക പരിശീലനം ലഭിച്ച ഫീൽഡ് ആംബുലൻസ് ടീമുകളും അത്യാഹിത വിഭാഗത്തിലുള്ളവരെ വേഗത്തിൽ മാറ്റാനുള്ള വിപുലമായ എമർജൻസി ശൃംഖലയും സജ്ജമാക്കിയിരുന്നു.

24 മണിക്കൂറും പ്രവർത്തിക്കുന്ന കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായി ബന്ധിപ്പിച്ചാണ് ആർപിഎം പാരാമെഡിക്സ് പ്രവർത്തിക്കുന്നത്. സൗദി റെഡ് ക്രെസന്റുമായി ചേർന്നുള്ള ജിപിഎസ് ട്രാക്കിംഗ്, ഇൻസ്റ്റന്റ് ഡിസ്പാച്ച് സിസ്റ്റം, ടെലിമെഡിസിൻ സേവനങ്ങൾ എന്നിവ വഴി മിനിറ്റുകൾക്കുള്ളിൽ സഹായം ആവശ്യമുള്ളവരിലേക്ക് എത്തിക്കുവാൻ ജീവനക്കാർക്ക് സാധിച്ചു. വിട്ടുമാറാത്ത രോഗങ്ങളുള്ള തീർത്ഥാടകർക്കായി ഹജ്ജ് കർമ്മങ്ങൾക്ക് മുൻപും പിൻപും പ്രത്യേക മെഡിക്കൽ ഫോളോ-അപ്പ് ഉൾപ്പെടെയുള്ള പ്രതിരോധ ആരോഗ്യ പദ്ധതികളും ആർപിഎം നടപ്പിലാക്കി.

സൗദി റെഡ് ക്രസന്റിനൊപ്പം ഈ ചരിത്രപരമായ മിഷന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ബഹുമതിയാണെന്ന് ഡോ ഷംഷീർ പ്രതികരിച്ചു. ആർപിഎമ്മിന്റെ വിശ്വസ്തരായ മെഡിക്കൽ സംഘത്തിന് അധികൃതർക്കൊപ്പം രാവും പകലും പുണ്യസ്ഥലങ്ങളിൽ സേവനം അനുഷ്ഠിക്കാനായി. തീർത്ഥാടകരുടെ പുഞ്ചിരിയും സ്നേഹവുമാണ് ഏറ്റവും വലിയ അംഗീകാരമെന്നും ഡോ. ഷംഷീർ വ്യക്തമാക്കി.

Content Highlights: RPM Services, led by Malayali entrepreneur Dr. Shamsheer, has emerged as a notable support system for Hajj pilgrims in Saudi Arabia. The company’s services aimed at assisting pilgrims during the pilgrimage season have received widespread appreciation.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us