'പലസ്തീനിലെ ഇസ്രയേൽ നടപടികളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; നെതന്യാഹുവിന്റെ ആരോപണങ്ങള്‍ തള്ളി ഖത്തർ

നെതന്യാഹുവിന്റെ ആരോപണം ഖത്തര്‍ പൂര്‍ണമായി തള്ളിക്കളഞ്ഞെന്ന് അല്‍ അന്‍സാരി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു

'പലസ്തീനിലെ ഇസ്രയേൽ നടപടികളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; നെതന്യാഹുവിന്റെ ആരോപണങ്ങള്‍ തള്ളി ഖത്തർ
dot image

ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ വെച്ച് ഖത്തറിനെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയ ആരോപണങ്ങള്‍ തള്ളി ഖത്തര്‍. ഇസ്രയേലിനെതിരെ പൊതു അഭിപ്രായം രൂപീകരിക്കാന്‍ ഖത്തര്‍ പ്രചാരണം നടത്തുന്നുവെന്ന ആരോപണം അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ നടപടികളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് വിദേശ മന്ത്രാലയത്തിന്റെ വക്താവ് മജീദ് അല്‍ അന്‍സാരി പറഞ്ഞു. നെതന്യാഹുവിന്റെ ആരോപണം ഖത്തര്‍ പൂര്‍ണമായി തള്ളിക്കളഞ്ഞെന്ന് അല്‍ അന്‍സാരി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

'ആഗോള തലത്തില്‍, പ്രത്യേകിച്ചും യുവാക്കള്‍ക്കിടയില്‍ നടക്കുന്ന അഭിപ്രായ മാറ്റത്തെ ക്യാമ്പയിനിലൂടെ ഉണ്ടായതാണെന്ന് ആരോപിക്കുമ്പോള്‍ തത്സമയം ലോകത്തെ കാണുന്ന ഒരു തലമുറയുടെ അവബോധത്തെ അപമാനിക്കുകയാണ്. ആളൊഴിഞ്ഞ ഹാളുകള്‍ അഭിസംബോധന ചെയ്യേണ്ടി വരുന്ന നെതന്യാഹുവും മറ്റ് തീവ്ര ഇസ്രയേലി രാഷ്ട്രീയക്കാരും ലോകം ഇസ്രയേലിനെ വ്യത്യസ്തമായി കാണണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരുടെ നയങ്ങള്‍ മാറ്റുകയും അന്താരാഷ്ട്ര നിയമം പാലിക്കുകയും ചെയ്യണം', അദ്ദേഹം എക്‌സില്‍ കുറിച്ചു.

ആളുകള്‍ സാക്ഷ്യം വഹിക്കുന്ന കാര്യങ്ങളിലൂടെ വരുന്ന അഭിപ്രായ മാറ്റത്തിന് ഖത്തറിനെ ഉത്തരവാദിയാക്കിയിട്ട് കാര്യമില്ല. ഖത്തറിനെതിരായ ആവര്‍ത്തിച്ചുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ ഉത്തരവാദിത്തത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള വഴിയാണെന്നും അല്‍ അന്‍സാരി കൂട്ടിച്ചേര്‍ത്തു. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ കടുത്ത ഭാഷയിലായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

40 മിനിറ്റോളം നീണ്ടുനിന്ന പ്രസംഗത്തിനിടെ ഖത്തറിന് പുറമേ ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനിക്കെതിരേയും തുര്‍ക്കിക്കെതിരെയും നെതന്യാഹു ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ ജനറല്‍ അസംബ്ലിയില്‍ നിന്നും ആളുകള്‍ ഇറങ്ങിപ്പോയിരുന്നു. നെതന്യാഹു പ്രസംഗിക്കാനായി വന്നയുടന്‍ നിരവധി നയതന്ത്ര പ്രതിനിധികള്‍ വേദിയില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. എന്നാല്‍ നെതന്യാഹുവിനെ അനുകൂലിക്കുന്നവര്‍ അദ്ദേഹത്തെ അനുകൂലിച്ച് മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.

Content Highlights: Qatar has categorically rejected allegations made by Israeli Prime Minister Benjamin Netanyahu during his address to the 81st United Nations General Assembly

dot image
To advertise here,contact us
dot image