'തെറ്റെന്ന് അറിഞ്ഞിട്ടും ദ ന്യൂയോർക്കർ നൽകിയ റിപ്പോർട്ട് ആശങ്കയുണ്ടാക്കുന്നു'; അമേരിക്കൻ മാഗസിന് എതിരെ ഖത്തർ

ദ ന്യൂയോര്‍ക്കറിലെ റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്നും ഖത്തര്‍ ഇന്റര്‍നാഷണല്‍ മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു

'തെറ്റെന്ന് അറിഞ്ഞിട്ടും ദ ന്യൂയോർക്കർ നൽകിയ റിപ്പോർട്ട് ആശങ്കയുണ്ടാക്കുന്നു'; അമേരിക്കൻ മാഗസിന് എതിരെ ഖത്തർ
dot image

അമേരിക്കന്‍ മാഗസിനായ ദ ന്യൂയോര്‍ക്കറിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി ഖത്തര്‍. ദോഹ ഹമാസിന് ഫണ്ട് നല്‍കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ദ ന്യൂയോര്‍ക്കറിലെ റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്നും ഖത്തര്‍ ഇന്റര്‍നാഷണല്‍ മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സെപ്റ്റംബര്‍ 19ന് ദ ന്യൂയോര്‍ക്കര്‍ പുറത്തിറക്കിയ പ്രസ്താനവനയ്‌ക്കെതിരെയാണ് ഖത്തര്‍ രംഗത്ത് വന്നത്.

'പ്രശസ്തമായ ദ ന്യൂയോര്‍ക്കര്‍ പോലുള്ള പ്രസിദ്ധീകരണത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടിനേക്കാള്‍ ഉപരി ഒരു അമ്വേചര്‍ ബ്ലോഗ് പോലെയാണ് അത് തോന്നിയത്. ഈ ആരോപണങ്ങളെല്ലാം ഞങ്ങള്‍ ശക്തമായി തന്നെ തള്ളളിപ്പറയുന്നു. പ്രസിദ്ധീകരണത്തിന് മുമ്പ് ഈ റിപ്പോര്‍ട്ട് തെറ്റാണെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകള്‍ ന്യൂയോര്‍ക്കറിന് നല്‍കിയിരുന്നു. എന്നിട്ടും ഈ റിപ്പോര്‍ട്ടുമായി മുന്നോട്ട് പോകാനുള്ള അവരുടെ തീരുമാനം ആശങ്കയുണ്ടാക്കുന്നതാണ്. ന്യൂയോര്‍ക്കറിന്റെ എഡിറ്റോറിയല്‍ തീരുമാനത്തെക്കുറിച്ചും ഖത്തറിനെ ലക്ഷ്യം വെച്ചുള്ള നിലവിലെ ക്യാമ്പയിനിനെ ശക്തിപ്പെടുത്താനുള്ള അവരുടെ സന്നദ്ധതയെക്കുറിച്ചും ഗൗരവമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്', പ്രസ്താവനയില്‍ പറയുന്നു.

ഈ രേഖകള്‍ ആദ്യമായല്ല മാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. നേരത്തെ ഈ രേഖകള്‍ വ്യാജമാണെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ലഭ്യമായപ്പോള്‍ മാധ്യമസ്ഥാപനങ്ങള്‍ ഇത് പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പിന്മാറിയിരുന്നു. എന്നാല്‍ ഖത്തറിനെതിരെ നടക്കുന്ന വ്യാജ പ്രചരണത്തിന് വിശ്വാസ്യത നല്‍കുകയാണ് ദ ന്യൂയോര്‍ക്കറെന്നും ഖത്തര്‍ മീഡിയ ഓഫീസ് കുറ്റപ്പെടുത്തി.

'ഖത്തറിനെ കുറ്റക്കാരായി ചിത്രീകരിക്കാന്‍ ലക്ഷ്യമിട്ട് ഇസ്രയേലിലെ തീവ്ര വലതുപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ കക്ഷികള്‍ വര്‍ഷങ്ങളായി വ്യാജരേഖകള്‍ നിര്‍മിക്കുകയും മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നതിന് ഞങ്ങളുടെ പക്കല്‍ ശക്തമായ തെളിവുണ്ട്. ഖത്തര്‍ ഹമാസിന് പണം അയക്കുന്നുവെന്ന വ്യാജ ആരോപണവും അതില്‍ ഉള്‍പ്പെടുന്നു. ഇസ്രയേലി അധികാരികളും അന്താരാഷ്ട്ര പങ്കാളികളും ഏകോപിപ്പിക്കുന്ന സംവിധാനത്തിലൂടെ ഗാസയിലെ പലസ്തീന്‍ പൗരന്മാര്‍ക്കാണ് ഖത്തര്‍ സഹായം എത്തിച്ചുനല്‍കുന്നതെന്ന് വ്യക്തമാക്കുകയാണ്', പ്രസ്താവനയില്‍ വ്യക്തമാക്കി.

നേരത്തെയുള്ള സഹായ സംവിധാനങ്ങള്‍ക്ക് കീഴില്‍ എല്ലാവിധ സാമ്പത്തിക സഹായങ്ങളും ഭക്ഷണം, മരുന്ന്, ഇന്ധനം തുടങ്ങിയ വസ്തുക്കളും ഗാസയിലേക്ക് എത്തിച്ചത് ഇസ്രയേലിലൂടെയാണ്. ഒരു ഘട്ടത്തിലും ഇസ്രയേലിന്റെ പങ്കാളിത്തമില്ലാതെ ഒന്നും കൈമാറ്റം ചെയ്തിട്ടില്ല. ഇസ്രയേലിലെ ഏത് സര്‍ക്കാരിന്റെ കാലത്തും അവിടുത്തെ സുരക്ഷാ ഏജന്‍സികളുടെ പങ്കാളിത്തത്തോടെയാണ് ഖത്തര്‍ സഹായം നല്‍കുന്നത്. ഹമാസിന് എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെങ്കില്‍ അതിന് ഖത്തറുമായി യാതൊരു ബന്ധവുമില്ല. ബെനറ്റ്, ലാപിഡ്, നെതന്യാഹു എന്നിവരുടെ ഭരണകാലത്തും മൊസാദ്, ഷിന്‍, ബെറ്റ് തുടങ്ങിയ ഏജന്‍സികള്‍ വഴിയും സഹായം എത്തിക്കുന്നതിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന ഇസ്രയേലിനാണ് അതിന്റ ഉത്തരവാദിത്തമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

ഇക്കാര്യങ്ങള്‍ നിലനില്‍ക്കെ മധ്യസ്ഥര്‍ എന്ന നിലയിലുള്ള തങ്ങളുടെ പങ്കിനെ ദുര്‍ബലപ്പെടുത്താനും മേഖലയിലെ സമാധാനം പുനസ്ഥാപിക്കാനുമുള്ള ശ്രമങ്ങളെ തടസപ്പെടുത്താനും ലക്ഷ്യമിട്ട് ഖത്തറിനെതിരെ തെറ്റായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നത് തുടരുകയാണ്. ഇതിന് പിന്നിലുള്ളവര്‍ക്ക് സമാധാനമല്ല വേണ്ട്. ഈ മേഖലയിലെ അരാചകത്വത്തിലും ഭിന്നതയിലുമാണ് അവരുടെ രാഷ്ട്രീയ നിലനില്‍പ്പ്. മേഖലയിലെ സമാധാനശ്രമങ്ങള്‍ തടസപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ നല്‍കുന്ന വ്യാജ വിവരങ്ങളില്‍ നിന്നും മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Content Highlights: Qatar has raised objections against US magazine The New Yorker over what it described as false reporting, amid concerns about the accuracy of the published information

dot image
To advertise here,contact us
dot image