

നാനി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് പാരഡൈസ്. വമ്പൻ ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് പക്ഷെ പ്രതീക്ഷിച്ച പ്രതികരണമല്ല തിയേറ്ററുകളിൽ നിന്നും ഉയരുന്നത്. ചിത്രം നിരാശപ്പെടുത്തിയെന്നാണ് വിവിധ കോണുകളിൽ നിന്നും വരുന്ന കമന്റുകൾ. സിനിമയെ പ്രേക്ഷകരും നിരൂപകരും രൂക്ഷമായി വിമർശിക്കുന്നതിന് ഒപ്പം തന്നെ ട്രോളുകളും നിറയുന്നുണ്ട്.
ഇപ്പോൾ സിനിമയ്ക്ക് നേരെ ഉയരുന്ന വിമർശനങ്ങളോട് നടൻ നാനി പ്രതികരിച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. പ്രേക്ഷകരും നിരൂപകരും പങ്കുവെക്കുന്ന വിമർശനങ്ങളും ട്രോളുകളും ഉൾക്കൊള്ളുന്നു എന്നാണ് നാനി എഴുതിയിരിക്കുന്നത്. തങ്ങൾ ഏറെ കഠിനാധ്വാനം ചെയ്ത് ഒരുക്കിയ ചിത്രമാണ് പാരഡൈസ് എന്നും പ്രേക്ഷകർക്ക് സിനിമയെ ആഘോഷിക്കാനും വിമർശിക്കാനും അവകാശമുണ്ടെന്നും നാനി പറഞ്ഞു.
'നിങ്ങളുടെ എല്ലാ പ്രതികരണങ്ങളും അഭിപ്രായങ്ങളും ഞാൻ കണ്ടു. നിങ്ങൾ നൽകിയ സ്‌നേഹവും പൊട്ടിച്ചിരിപ്പിക്കുന്ന ട്രോളും ഞാൻ ഒരുപോലെ സ്വീകരിക്കുന്നു. പ്രേക്ഷകർ ഈ ചിത്രത്തെ ഏറ്റെടുത്തതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. പ്രേക്ഷകരും നിരൂപകരും ഉയർത്തിക്കാട്ടിയ എല്ലാ വിമർശനങ്ങളും ഉൾക്കൊള്ളുകയും ചെയ്യുന്നു.
എല്ലാത്തിനും നന്ദി, അത്ര മാത്രമേ എനിക്ക് പറയാനുള്ളു. നിങ്ങൾക്ക് തികച്ചും നവ്യമായ ഒരു അനുഭവം നൽകാനായി, ഞങ്ങൾ ചോര നീരാക്കി എടുത്ത ചിത്രമാണ് പാരഡൈസ്. ഇനി ഈ ചിത്രം നിങ്ങളുടേതാണ്, ആഘോഷിക്കാം, വിമർശിക്കാം. സിനിമയോടും എന്നോടും നിങ്ങൾ കാണിച്ച് സ്‌നേഹത്തിന് ഒരുപാട് നന്ദി,' നാനി പറഞ്ഞു.
'ദസറ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ദ പാരഡൈസ്'. 'ദസറ'യുടെ നിർമ്മാതാവായ സുധാകർ ചെറുകുറി തന്നെയാണ് എസ്എൽവി സിനിമാസ് ബാനറിൽ ഈ ചിത്രവും നിർമ്മിക്കുന്നത്. നാനിയും അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് 'ദ പാരഡൈസ്'. 'ജേഴ്സി', 'ഗാങ് ലീഡർ' എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
Content Highlights: Nani about Paradise movie facing trolls and criticism