

ഖത്തറിൽ ആഭ്യന്തര നിക്ഷേപങ്ങൾക്കായി 'ദോഹ ഇൻവെസ്റ്റ്‌മെന്റ്' പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ച് ഖത്തർ. ഈ പുതിയ സംവിധാനം ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ ആഭ്യന്തര നിക്ഷേപ പോർട്ട്ഫോളിയോകൾ നിയന്ത്രിക്കും. ന്യൂയോർക്കിൽ നടന്ന ഖത്തർ ഇക്കണോമിക് ഫോറത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽതാനിയാണ് പ്രഖ്യാപനം നടത്തിയത്.
രാജ്യത്തിന്റെ ആഭ്യന്തര നിക്ഷേപങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഖത്തർ പുതിയ നിക്ഷേപ പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചത്. ഖത്തർ എയർവേയ്‌സ്, ക്യുഎൻബി (QNB) ഗ്രൂപ്പ്, ഒറീഡൂ, ഖത്തറി ദിയാർ, കതാറ ഹോസ്പിറ്റാലിറ്റി, ഹസ്സാദ് ഫുഡ് തുടങ്ങിയ പ്രമുഖ കമ്പനികളിലെ ആഭ്യന്തര നിക്ഷേപങ്ങൾ ഇനി ദോഹ ഇൻവെസ്റ്റ്മെന്റിന്റെ മേൽനോട്ടത്തിലാകും. നിലവിൽ 80-ലേറെ രാജ്യങ്ങളിൽ സാന്നിധ്യമുള്ള 40-ലധികം കമ്പനികളാണ് ഇതിന്റെ പോർട്ട്ഫോളിയോയിലുള്ളത്. ഇതിൽ 20-ലേറെ കമ്പനികൾ ഒരു ബില്യൺ ഖത്തർ റിയാലിലധികം വരുമാനം നേടിയവയാണ്.
ധനകാര്യം, ഗതാഗതം, ടെലികോം, റിയൽ എസ്റ്റേറ്റ്, കൃഷി തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങൾക്ക് പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആധുനിക സാങ്കേതികവിദ്യ, നിർമ്മാണം, ആരോഗ്യപരിചരണം എന്നീ മേഖലകളിൽ പുതിയ ദേശീയ കമ്പനികളെ വളർത്തിയെടുക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഖത്തറിന്റെ ദേശീയ എ.ഐ പ്ലാറ്റ്‌ഫോമായ ‘ക്യു.എ.ഐ’യും (QAI) ഇതിന്റെ ഭാഗമായി പ്രവർത്തിക്കും.
സ്വകാര്യ മേഖലയ്ക്ക് കൂടുതൽ പങ്കാളിത്തം നൽകുക, വിദേശ നിക്ഷേപവും സാങ്കേതിക വൈദഗ്ധ്യവും ആകർഷിക്കുക, സ്വദേശി പ്രതിഭകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. എണ്ണ-വാതക ഇതര മേഖലകളെ ശക്തിപ്പെടുത്തി വൈവിധ്യമാർന്ന സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ഖത്തറിന്റെ മൂന്നാം ദേശീയ വികസന തന്ത്രത്തിലെ സുപ്രധാന ചുവടുവെയ്പ്പാണിത്.
Content Highlights: Qatar has announced the Doha Investment platform to coordinate domestic investments. The initiative is intended to bring together investment opportunities and support greater coordination within Qatar’s domestic investment ecosystem. The platform forms part of the country’s efforts to develop and organize investment activity and facilitate access to local investment opportunities.