'ഗ്യാനേഷ് കുമാർ എന്തുകൊണ്ട് കേരളം വിട്ടു? എങ്ങനെ അമിത് ഷായുടെ മാനസപുത്രനായി?'; കുറിപ്പുമായി തോമസ് ഐസക്

കേരളത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനായി സേവനമനുഷ്ടിക്കുന്ന കാലയളവില്‍ ഗ്യാനേഷ് കുമാര്‍ അഴിമതിയുടെ നിഴലിലായിരുന്നുവെന്ന് തോമസ് ഐസക് പറഞ്ഞു

'ഗ്യാനേഷ് കുമാർ എന്തുകൊണ്ട് കേരളം വിട്ടു? എങ്ങനെ അമിത് ഷായുടെ മാനസപുത്രനായി?'; കുറിപ്പുമായി തോമസ് ഐസക്
dot image

ആലപ്പുഴ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ ടി എം തോമസ് ഐസക്. കേരളത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനായി സേവനമനുഷ്ടിക്കുന്ന കാലയളവില്‍ ഗ്യാനേഷ് കുമാര്‍ അഴിമതിയുടെ നിഴലിലായിരുന്നുവെന്ന് തോമസ് ഐസക് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

2006ല്‍ വി എസ് അച്യുതാനന്ദന്‍ അധികാരത്തില്‍ വരുമ്പോള്‍ പിഡബ്ല്യുഡി സെക്രട്ടറിയായിരുന്നു ഗ്യാനേഷ് കുമാര്‍. അഴിമതി ആരോപണത്തെ തുടര്‍ന്ന് 2006 അവസാനിക്കും മുന്‍പ് ഗ്യാനേഷ് കുമാറിനെ വകുപ്പില്‍ നിന്ന് മാറ്റിയതായി തോമസ് ഐസക് പറയുന്നു. ആ നടപടിക്ക് കാരണമായ സംഭവവും തോമസ് ഐസക് പറയുന്നുണ്ട്. കേരളത്തില്‍ ലോകബാങ്കിന്റെ കെഎസ്ടിപി പദ്ധതിയില്‍ റോഡ് പ്രൊജക്ടിന്റെ ഒരു ഭാഗം ഏറ്റെടുത്തിരുന്ന മലേഷ്യന്‍ കമ്പനിയായ പതിബെല്ലിന്റെ കേരളത്തിന്റെ ചുമതലക്കാരന്‍ ആയിരുന്ന ലീ ബിന്‍ സീന്‍ എന്ന എഞ്ചിനീയര്‍ ജീവനൊടുക്കി. ആത്മഹത്യാ കുറുപ്പില്‍ കേരളത്തിലെ പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ അഴിമതി, കെടുകാര്യസ്ഥത എന്നിവയെക്കുറിച്ച് വിശദമായി എഴുതിയിരുന്നു. ഗ്യാനേഷ് കുമാര്‍ ആയിരുന്നു പേരെടുത്ത് പരാമര്‍ശിക്കപ്പെട്ടവരില്‍ പ്രധാനി. കൈക്കൂലി ആവശ്യപ്പെട്ടെന്നും ആ കുറുപ്പില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും ഗ്യാനേഷ് കുമാറിനെ കേന്ദ്ര പ്രതിരോധ സര്‍വീസിലേക്ക് സ്ഥലം മാറ്റുകയായിരുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.

കേന്ദ്ര പ്രതിരോധ വകുപ്പിലേക്ക് സ്ഥലംമാറിപ്പോയ ഗ്യാനേഷ് കുമാര്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 2012 ല്‍ കേരള ഹൗസിലെ റസിഡന്റ് കമ്മീഷണറായി. 2016ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഗ്യാനേഷ് കേന്ദ്ര സര്‍ക്കാരിന്റെ കശ്മീര്‍ വകുപ്പിലേക്ക് മാറി. അവിടെ അദ്ദേഹത്തിന്റെ കാര്‍മ്മികത്വത്തിലാണ് ഒരു സംസ്ഥാനത്തെ വെട്ടിപ്പൊളിച്ച് ഇല്ലാതാക്കി ബിജെപി ഭരണം കൊണ്ടുവന്നത്. ഇതോടെ അമിത് ഷായുടെ മാനസപുത്രനായി എന്നുവേണം കരുതാന്‍. രാമജന്മ ഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ സൂത്രധാരനും ഗ്യാനേഷ് കുമാര്‍ ആയിരുന്നു. പൊതുഫണ്ടിന്റെ പൊതുസംഭാവനയുടെയും അടിസ്ഥാനത്തിലുള്ള ക്ഷേത്രം ഒരു സ്വകാര്യ ട്രസ്റ്റായി മാറ്റുന്നതിനുള്ള തന്ത്രം മെനഞ്ഞത് ഇദ്ദേഹമാണെന്നാണ് അഭ്യൂഹം. ഇതിന്റെയൊക്കെ പ്രത്യുപകാരമായിരുന്നു 2025-ല്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായുള്ള നിയമനമെന്നും തോമസ് ഐസക് പറഞ്ഞു.

Also Read:

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആരാണ് ഗ്യാനേഷ് കുമാര്‍? തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പൂര്‍വാശ്രമം എന്ത്?

തുടക്കം കേരളത്തില്‍ നിന്നാണ്. 2006-ല്‍ വിഎസ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പിഡബ്ല്യുഡി സെക്രട്ടറി ആയിരുന്നു. 2006 അവസാനിക്കും മുമ്പ് അഴിമതി ആരോപണത്തെത്തുടര്‍ന്ന് വകുപ്പില്‍ നിന്ന് മാറ്റി. വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എ.കെ. ആന്റണിയുടെ കേന്ദ്ര പ്രതിരോധ സര്‍വീസിലേക്ക് മാറി.

എന്തിനായിരുന്നു നടപടി? കേരളത്തില്‍ ലോകബാങ്കിന്റെ കെഎസ്ടിപി പദ്ധതിയില്‍ റോഡ് പ്രൊജക്ടിന്റെ ഒരു ഭാഗം ഏറ്റെടുത്തിരുന്ന മലേഷ്യന്‍ കമ്പനിയായ പതിബെല്ലിന്റെ കേരളത്തിന്റെ ചുമതലക്കാരന്‍ ആയിരുന്ന ലീ ബിന്‍ സീന്‍ എന്ന എഞ്ചിനീയര്‍ നവംബറില്‍ കോലാലംപൂരില്‍ വച്ച് ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറുപ്പില്‍ കേരളത്തിലെ പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ അഴിമതി, കെടുകാര്യസ്ഥത എന്നിവയെക്കുറിച്ച് വിശദമായി എഴുതിയിരുന്നു. ഗ്യാനേഷ് കുമാര്‍ ആയിരുന്നു പേരെടുത്ത് പരാമര്‍ശിക്കപ്പെട്ടവരില്‍ പ്രധാനി. കൈക്കൂലി ആവശ്യപ്പെട്ടെന്നും ആ കുറുപ്പില്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണവും സ്ഥലംമാറ്റവും നടന്നത്.

216 കോടി രൂപയുടെ ടെണ്ടര്‍ ആയിരുന്നു. പക്ഷേ, ഭൂമി ഏറ്റെടുക്കുന്നതിനു വലിയ കാലതാമസമുണ്ടായി. അങ്ങനെ പദ്ധതി ഇഴഞ്ഞു നീങ്ങുകയായിരുന്നു. ആകെ 70 കോടി രൂപയുടെ ബില്ലുകളേ മാറിയിരുന്നുള്ളൂ. 13 കോടി രൂപയുടെ ബില്ല് പെന്റിംഗിലും. കാലതാമസത്തിന് കാരണം പതിബെല്ലാണെന്ന് പിഡബ്ല്യുഡി. അല്ലാ, സ്ഥലം കൈമാറിക്കിട്ടാത്തതുകൊണ്ടാണെന്ന് പതിബെല്‍. കൈമാറി നല്‍കിയ ഭാഗങ്ങളില്‍പ്പോലും പണി നടത്തിയില്ലെന്ന് പിഡബ്ല്യുഡി. പക്ഷേ, കരാര്‍ പ്രകാരമുള്ള നഷ്ടപരിഹാരത്തിന് വകുപ്പ് ഒരു നോട്ടീസും നല്‍കിയില്ല.

അതേസമയം, പതിബെല്‍ കൃത്യമായി ഓരോ വീഴ്ചയ്ക്കും പിഡബ്ല്യുഡിക്ക് നോട്ടീസ് നല്‍കിയിരുന്നു. അതുകൊണ്ട് ആര്‍ബിട്രേഷന്‍ വരുമ്പോള്‍ സര്‍ക്കാര്‍ തോല്‍ക്കുമെന്നും വ്യക്തമായിരുന്നു. ഇതൊരു പതിവ് പരിപാടിയായിരുന്നു. ഇതിനു പുറമേയാണ് പണം നല്‍കുന്നതിനുള്ള കാലതാമസവും കുത്തിത്തിരിപ്പുകളും. ഇതില്‍ മനംനൊന്താണ് ലീ ബിന്‍ സീന്‍ ആത്മഹത്യ ചെയ്തത്. 2007-ല്‍ അവസാനം സര്‍ക്കാര്‍ 35 കോടി രൂപ നഷ്ടപരിഹാരം നല്‍കേണ്ടിവന്നു. പെന്റിംഗ് ബില്ലും, ബാക്കി പണി തീര്‍ക്കാന്‍ 215 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റും അംഗീകരിച്ചു. അങ്ങനെ 216 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാകാന്‍ ചുരുങ്ങിയത് 330 കോടിയെങ്കിലും വേണ്ടിവന്നു. ഒരു എഞ്ചിനീയറുടെ ആത്മഹത്യയും.

കേന്ദ്ര പ്രതിരോധ വകുപ്പിലേക്ക് സ്ഥലംമാറിപ്പോയ ഗ്യാനേഷ് കുമാറാകട്ടെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 2012-ല്‍ കേരള ഹൗസിലെ റസിഡന്റ് കമ്മീഷണറായി. 2016-ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഗ്യാനേഷ് കേന്ദ്ര സര്‍ക്കാരിന്റെ കശ്മീര്‍ വകുപ്പിലേക്ക് മാറി. അവിടെ അദ്ദേഹത്തിന്റെ കാര്‍മ്മികത്വത്തിലാണ് ഒരു സംസ്ഥാനത്തെ വെട്ടിപ്പൊളിച്ച് ഇല്ലാതാക്കി ബിജെപി ഭരണം കൊണ്ടുവന്നത്. ഇതോടെ അമിത് ഷായുടെ മാനസപുത്രനായി എന്നുവേണം കരുതാന്‍. രാമജന്മ ഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ സൂത്രധാരനും ഗ്യാനേഷ് കുമാര്‍ ആയിരുന്നു. പൊതുഫണ്ടിന്റെ പൊതുസംഭാവനയുടെയും അടിസ്ഥാനത്തിലുള്ള ക്ഷേത്രം ഒരു സ്വകാര്യ ട്രസ്റ്റായി മാറ്റുന്നതിനുള്ള തന്ത്രം മെനഞ്ഞത് ഇദ്ദേഹമാണെന്നാണ് അഭ്യൂഹം.

ഇതിന്റെയൊക്കെ പ്രത്യുപകാരമായിരുന്നു 2025-ല്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായുള്ള നിയമനം. സുപ്രിം കോടതി നിര്‍ദ്ദേശ പ്രകാരം ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കേണ്ടത്. എന്നാല്‍ നിയമഭേദഗതിയിലൂടെ ചീഫ് ജസ്റ്റിസിനു പകരം പ്രധാനമന്ത്രി നാമനിര്‍ദേശിക്കുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി അടങ്ങുന്ന സമിതി രൂപീകരിച്ചുകൊണ്ടാണ് ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. ഇത് സംബന്ധിച്ച് കേസ് ഇപ്പോഴും നടക്കുകയാണ്. എന്നാല്‍ ഗ്യാനേഷ് കുമാര്‍ തന്നെ ഏല്‍പ്പിച്ച ദൗത്യം അഭംഗുരം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. സുപ്രിം കോടതി ഇതിനെല്ലാം മാപ്പുസാക്ഷിയായി മാറിയിരിക്കുകയാണ്.

ഒരു കാരണവശാലം ഇത്ര സുപ്രധാനമായ ഒരു സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ലായെന്ന് ഗ്യാനേഷ് കുമാര്‍ തെളിയിച്ചു കഴിഞ്ഞു. അദ്ദേഹം സ്ഥാനം ഒഴിഞ്ഞേ തീരൂ. ബിജെപിക്ക് ഭൂരിപക്ഷമുള്ള പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയം ഈ ദേശദ്രോഹിയെ തുറന്നുകാണിക്കാന്‍ സഹായിക്കും. പക്ഷേ, അതോടൊപ്പം കമ്മീഷണര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്യുന്നതിന് എല്ലാ വിഭാഗം ജനാധിപത്യ വിശ്വാസികളുടെയും യോജിച്ച പോരാട്ടം അനിവാര്യമായിരിക്കുന്നു. ഇടതുപക്ഷ പാര്‍ടികള്‍ സംയുക്തമായി ഭഗത് സിംഗിന്റെ ജന്മദിനമായ സെപ്തംബര്‍ 28 മുതല്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 വരെ ഇതിനുള്ള പ്രക്ഷോഭ പ്രചാരണം നടത്തുകയാണ്.

Content Highlights- Thomas Isaac has questioned why Gyanesh Kumar left Kerala and raised questions about his relationship with Union Home Minister Amit Shah. 

dot image
To advertise here,contact us
dot image