കട്ടിളപ്പാളിയിൽ സ്വർണ്ണം പൊതിഞ്ഞതിന് രേഖകളില്ലെന്ന് എൻ വാസു; എന്നാൽ ഈ കേസുതന്നെ ഇല്ലല്ലോ എന്ന് ഹൈക്കോടതി

ദേവസ്വം രേഖകകളിൽ സ്വർണം പൂശിയതായോ പൊതിഞ്ഞതായോ ഇല്ലെന്ന് വാസുവിന്റെ അഭിഭാഷകൻ

കട്ടിളപ്പാളിയിൽ സ്വർണ്ണം പൊതിഞ്ഞതിന് രേഖകളില്ലെന്ന് എൻ വാസു; എന്നാൽ ഈ കേസുതന്നെ ഇല്ലല്ലോ എന്ന് ഹൈക്കോടതി
dot image

കൊച്ചി: ശബരിമല കട്ടിളപ്പാളിയിൽ സ്വർണ്ണം പൊതിഞ്ഞതായി രേഖകളില്ലെന്ന് എൻ വാസു ഹൈക്കോടതിയിൽ. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം കമ്മീഷണറായ എൻ വാസു കേസിൽ മൂന്നാം പ്രതിയാണ്. ദേവസ്വം രേഖകകളിൽ സ്വർണം പൂശിയതായോ പൊതിഞ്ഞതായോ ഇല്ലെന്ന് വാസുവിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. വാസുവിന്‍റെ ജാമ്യ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു അഭിഭാഷകന്റെ ഈ പരാമർശം. ഇതു കേട്ട കോടതി അങ്ങനെയെങ്കിൽ ഈ കേസ് തന്നെ ഇല്ലല്ലോ എന്ന് മറുപടി നൽകി.

ശബരിമലയിലെ കമ്മീഷണറായിരുന്ന വാസുവിന് അവിടെയുള്ള കാര്യങ്ങളെ കുറിച്ച് ധാരണ ഉണ്ടാകേണ്ടിയിരുന്നുവെന്നും അവിടെ നേരത്തെ സ്വർണം പൂശിയ കാര്യം വാസു അറിഞ്ഞിരിക്കേണ്ടതായിരുന്നുവെന്നും കോടതി പറഞ്ഞു. സ്വർണം പൂശാനുള്ള കത്ത് ദേവസ്വം ബോർഡിലേക്ക് കൈമാറുമ്പോൾ മുൻപ് സ്വർണം പൊതിഞ്ഞതായിരുന്നുവെന്ന് രേഖപ്പെടുത്തേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ ഇതിനിടെയാണ് പുതിയ വാദവുമായി അഭിഭാഷകനെത്തിയത്. എന്നാൽ കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞിരുന്നുവെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. അതേസമയം എൻ വാസുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി.

ശബരിമല കട്ടിളപ്പാളികൾ ആദ്യമായി ചെമ്പാണെന്ന് രേഖപ്പെടുത്തിയത് എൻ വാസു ദേവസ്വം ബോർഡിന്റെ അംഗീകാരത്തിനായി നൽകിയ കത്തിലാണെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. 2019 ഫെബ്രുവരിയിൽ വാസു നൽകിയ കത്ത് അംഗീകരിച്ചാണ് മാർച്ചിൽ ബോർഡ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ കട്ടിളപ്പാളികൾ കൊടുത്തുവിടാൻ തീരുമാനിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതനുസരിച്ചുള്ള ദേവസ്വം സെക്രട്ടറിയായിരുന്ന എസ് ജയശ്രീയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാളികൾ കടത്തിയെന്നും ദേവസ്വം ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച
പറ്റിയെന്നും അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു.

കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ അന്നത്തെ കമ്മീഷണറായിരുന്ന എൻ വാസു നിർദേശം നൽകിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് അദ്ദേഹത്തെ കേസിൽ പ്രതി ചേർത്തത്. മാർച്ച് 19നാണ് എൻ വാസു നിർദേശം നൽകിയതെങ്കിലും മാർച്ച് 31ന് അദ്ദേഹം കമ്മീഷണർ സ്ഥാനത്തുനിന്നും മാറി.

Content Highlights : sabarimala gold theft case; N Vasu says no evidence for gold is plated on Kattilapali

dot image
To advertise here,contact us
dot image