

പൊതു വൈ-ഫൈ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഖത്തറിലെ സൈബര്‍ സുരക്ഷാ വിദഗ്ധര്‍. കഫേകള്‍, വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ലഭിക്കുന്ന പൊതു വൈ-ഫൈ നെറ്റ്‍വർക്കുകൾ പൊതുജനങ്ങള്‍ക്ക് പലപ്പോഴും വലിയ സൗകര്യമായി മാറാറുണ്ട്. എന്നാല്‍ ഇത്തരം നെറ്റ്‍വർക്കുകളാണ് സൈബര്‍ കുറ്റവാളികള്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്നത് എന്നാണ് ഖത്തറിലെ സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്.
ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്ത പൊതു നെറ്റ്‍വര്‍ക്കുകള്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതിനും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്നതിനും എളുപ്പമായ വഴി നല്‍കുന്നതിനാല്‍ ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്.
പൊതു വൈ-ഫൈ ഉപയോഗിക്കുന്ന സാധാരണ ഉപയോക്താക്കളാണ് പലപ്പോഴും ഹാക്കര്‍മാരുടെ ഇരകളാകുന്നത്. ഇത്തരം നെറ്റ്‍വര്‍ക്കുകളില്‍ ഫോണും ലാപ്‌ടോപ്പുകളും കണക്റ്റ് ചെയ്താല്‍ ബാങ്കിംഗ് വിവരങ്ങള്‍, സ്വകാര്യ സന്ദേശങ്ങള്‍, ഇമെയിലുകള്‍, വ്യക്തിഗത ഫയലുകള്‍ എന്നിവ വളരെ എളുപ്പത്തില്‍ ഹാക്കര്‍മാരുടെ കൈയില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
സൈബര്‍ ആക്രമണങ്ങള്‍ ഭൂരിഭാഗവും ഉപയോക്താവറിയാതെ, ശാന്തമായി നടക്കുന്നതിനാലാണ് അപകടം പലര്‍ക്കും തിരിച്ചറിയാന്‍ വൈകുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മിക്ക പൊതു വൈ-ഫൈ നെറ്റ്‍വര്‍ക്കുകളിലും ശക്തമായ എന്‍ക്രിപ്ഷന്‍ സംവിധാനങ്ങള്‍ നിലനില്‍ക്കുന്നില്ല. ചിലത് പരമാവധി സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതുവഴി നെറ്റ്‍വര്‍ക്കിലൂടെ കൈമാറ്റം ചെയ്യുന്ന ഡാറ്റ പാക്കറ്റ് സ്‌നിഫിങ് പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് പിടിച്ചെടുക്കാന്‍ സാധിക്കും.
യഥാര്‍ത്ഥ വൈ-ഫൈ ആക്‌സസ് പോയിന്റുകളെ അനുകരിക്കുന്ന വ്യാജ നെറ്റ്‍വർക്കുകൾ സൃഷ്ടിച്ച് ഉപയോക്താക്കളെ അതിലേക്കു ആകര്‍ഷിക്കുന്ന 'ഈവില്‍ ട്വിന്‍' ആക്രമണങ്ങളും വര്‍ധിക്കുന്നതായാണ് വിലയിരുത്തല്‍. ഇത്തരം നെറ്റ്‍വർക്കുകളില്‍ കണക്റ്റ് ചെയ്യപ്പെടുന്ന ഇലക്ടോണിക് ഉപകരണങ്ങളിലൂടെ ബ്രൗസിങ് ചരിത്രം, പാസ്വേഡുകള്‍, തുടങ്ങിയവ ഹാക്കര്‍മാര്‍ക്ക് ലഭിക്കുകയും ഇതുവഴി സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍, ബാങ്കിങ് സേവനങ്ങള്‍ എന്നിവ കൈവശപ്പെടുത്തപ്പെടുത്താനും സാധ്യതയുണ്ട്.
ഈ സാഹചര്യത്തിലാണ് പൊതു വൈ-ഫൈ ഉപയോഗിക്കുമ്പോള്‍ ലാപ്‌ടോപ്പുകളും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകത വിദഗ്ധര്‍ ചൂണ്ടുകാട്ടുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കുന്നതിനായി എച്ച്ടിടിടിപിഎസ് സുരക്ഷയുള്ള വെബ്സൈറ്റുകളില്‍ മാത്രമേ ലോഗിന്‍ ചെയ്യാവൂ എന്നും വെബ് വിലാസത്തിലെ പാഡ്ലോക്ക് അടയാളം പരിശോധിക്കണമെന്നും സൈബര്‍ വിഗദ്ധര്‍ പറയുന്നു.
ഇതിന് പുറമെ ഓട്ടോമാറ്റിക് വൈ-ഫൈ കണക്ഷന്‍, ഫയല്‍ ഷെയറിങ്, നെറ്റ്വര്‍ക്ക് ഡിസ്‌കവറി എന്നിവ നിര്‍ജ്ജീവമാക്കുന്നതും ഫയര്‍വാള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതും സൈബര്‍ ആക്രമണങ്ങളുടെ സാധ്യത കുറയ്ക്കും. സോഫ്റ്റ്‍വെയറുകളും ഓപ്പറേറ്റിങ് സിസ്റ്റങ്ങളും അപ്ഡേറ്റ് ചെയ്യുന്നതിലൂടെ സുരക്ഷാ വീഴ്ചകള്‍ ഒഴിവാക്കാനാകുമെന്നും വിദഗ്ധര്‍ പറയുന്നു. എന്നാല്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചാലും ചില പൊതു വൈ-ഫൈ നെറ്റ്‍വർക്കുകളില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും സൈബര്‍ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.
Content Highlights: Qatar warn users of public Wi-Fi to be more cautious