ഖത്തറിലെത്തുന്നവർക്ക് ഇനി രണ്ട് മാസം വരെ താമസിക്കാം: ഹയ്യാ വിസ ചട്ടങ്ങളില്‍ നിർണ്ണായക മാറ്റം

ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും സന്ദര്‍ശകരുടെ പ്രവേശനം നിയന്ത്രിക്കുന്ന സ്ഥിരം സമിതിയും സഹകരിച്ച് ഖത്തര്‍ ടൂറിസമാണ് ഹയ്യാ വിസയില്‍ ഭേദഗതികള്‍ വരുത്തിയത്

ഖത്തറിലെത്തുന്നവർക്ക് ഇനി രണ്ട് മാസം വരെ താമസിക്കാം: ഹയ്യാ വിസ ചട്ടങ്ങളില്‍ നിർണ്ണായക മാറ്റം
dot image

ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് അനുവദിക്കുന്ന ഹയ്യാ വിസ ചട്ടങ്ങളില്‍ സുപ്രധാന മാറ്റവുമായി ഖത്തര്‍ ഭരണകൂടം. പരിഷ്‌കരിച്ച ചട്ടങ്ങള്‍ പ്രകാരം, ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് ഇനി ഖത്തറില്‍ തുടര്‍ച്ചയായി രണ്ട് മാസം വരെ താമസിക്കാന്‍ അനുമതിയുണ്ട്. പുതിയ നിയമം ഇതിനകം തന്നെ രാജ്യത്ത് നിലവില്‍ വന്നുകഴിഞ്ഞു. വിനോദ സഞ്ചാരത്തിനായി ഖത്തറിലെത്തുന്നവർക്ക് 30 ദിവസം വരെ താമസം അനുവദിക്കുന്നതായിരുന്നു ഹയ്യാ വിസ. ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്കാണ് വിസ അനുവദിച്ചിരുന്നത്.

ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും സന്ദര്‍ശകരുടെ പ്രവേശനം നിയന്ത്രിക്കുന്ന സ്ഥിരം സമിതിയും സഹകരിച്ച് ഖത്തര്‍ ടൂറിസമാണ് ഹയ്യാ വിസയില്‍ ഭേദഗതികള്‍ വരുത്തിയത്. ഇതിനകം രാജ്യത്ത് നിലവില്‍ വന്ന ചട്ടങ്ങള്‍ പ്രകാരം ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് ഇനി ഖത്തറില്‍ തുടര്‍ച്ചയായി രണ്ട് മാസം വരെ താമസിക്കാന്‍ കഴിയും. ഇതിന് പുറമെ രാജ്യത്തേക്ക് ഒന്നിലധികം തവണ പ്രവേശിക്കാനും പുറത്തുപോകാനും സാധിക്കുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യവും ഏര്‍പ്പെടുത്തി.

2025-ലെ ഫിഫ അറബ് കപ്പ് ഉള്‍പ്പെടെ വന്‍കിട കായിക, വിനോദ, സാംസ്‌കാരിക പരിപാടികള്‍ക്ക് ഖത്തര്‍ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഖത്തര്‍ ടൂറിസം വ്യക്തമാക്കി. പുതിയ ഭേദഗതിലിലൂടെ വ്യോമ, കര, കടല്‍ മാര്‍ഗങ്ങളിലൂടെയുള്ള പ്രവേശന നടപടികള്‍ കൂടുതല്‍ കൂടുതല്‍ ലളിതവും കാര്യക്ഷമവുമാകുമെന്നും അധികൃതര്‍ അറിയിച്ചു.

ഖത്തര്‍ ടൂറിസത്തിന്റെ വിശാലമായ തന്ത്രപരമായ കാഴ്ചപ്പാടാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നതെന്ന് ഹയ്യാ ഡയറക്ടര്‍ സയീദ് അല്‍ കുവാരി പറഞ്ഞു. മേഖലയോടുള്ള തുറന്ന സമീപനം ശക്തിപ്പെടുത്തുക, പ്രധാന ഇവന്റുകളോടനുബന്ധിച്ച് സന്ദര്‍ശകരുടെ സഞ്ചാരം കൂടുതല്‍ ലളിതമാക്കുക, രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുക, ടൂറിസം മേഖലയുടെ സമഗ്ര വികസനം സാധ്യമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വിഭാഗങ്ങളിലായാണ് ഹയ്യാ വിസ ലഭ്യമാക്കുന്നത്.

വിസ അപേക്ഷ, ഇവന്റ് പ്രവേശനം, യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍, ഗതാഗതം, ലൈഫ്സ്‌റ്റൈല്‍ വിവരങ്ങള്‍ എന്നിവയെല്ലാം ഏകീകൃത ഡിജിറ്റല്‍ സംവിധാനത്തിലൂടെ ലഭ്യമാക്കുന്ന ഖത്തറിന്റെ ഔദ്യോഗിക സന്ദര്‍ശക പ്ലാറ്റ്ഫോമായാണ് ഹയ്യാ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

Content Highlights: Qatar Now Permits Stays Of Up To two Months Under Revamped Haya visa Rules

dot image
To advertise here,contact us
dot image