

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷനുമായി മുന്നേറുകയാണ്. റിലീസ് ചെയ്ത് നാലു ദിനം കൊണ്ടാണ് ചിത്രം ആഗോള ഗ്രോസ് ആയി 50 കോടി പിന്നിട്ടത്. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോർഡും ഇതിലൂടെ കളങ്കാവൽ സ്വന്തമാക്കി. ഇപ്പോഴിതാ ചിത്രത്തിന്റെ റീമേക്കിൽ അജയ് ദേവ്ഗൺ, കമൽ ഹാസൻ, വെങ്കടേഷ് എന്നിവർ മമ്മൂക്കയുടെ വേഷം ചെയ്താൽ എങ്ങനെയുണ്ടാകും എന്ന വീഡിയോ ആണ് വൈറലാകുന്നത്.
ബിനു രാധാകൃഷ്ണൻ എന്ന ആരാധകൻ ആണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ എഐ കൊണ്ട് നിർമിച്ച ഒരു വീഡിയോ പങ്കുവെച്ചത്. കളങ്കാവലിൻ്റെ ടീസറിൽ മമ്മൂട്ടി സിഗരറ്റ് വലിച്ചുകൊണ്ട് നിൽക്കുന്ന ഒരു ഷോട്ട് ഉണ്ട്. ഈ ഷോട്ട് ആണ് അജയ് ദേവ്ഗണും കമൽ ഹാസനും വെങ്കടേഷും ചെയ്താൽ എങ്ങനെയുണ്ടാകും എന്ന് ആരാധകർ പങ്കുവെച്ചത്. ഒരിക്കലും നടക്കാത്ത റീമേക്ക് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മറ്റൊരു ഇൻഡിസ്ട്രിയിലെ സൂപ്പർസ്റ്റാറും ഇത്രയും ക്രൂരനായ ഒരു സൈക്കോപാത്തിന്റെ വേഷം ചെയ്യുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നും ആരാധകൻ പോസ്റ്റിനൊപ്പം കുറിച്ചു. ഈ ചിത്രം റീമേക്ക് ചെയ്ത് മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം പിടിച്ചുനിൽക്കാൻ ഒരു ധൈര്യം വേണമെന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. വാൻ ആനിമേറ്റ് 2.2 , നാനോ ബനാന 2 ഉപയോഗിച്ചാണ് വീഡിയോ നിർമിച്ചിരിക്കുന്നത്.

ഭീഷ്മപർവം, കണ്ണൂർ സ്ക്വാഡ്, ഭ്രമയുഗം, ടർബോ എന്നീ ചിത്രങ്ങൾക്ക് ശേഷം 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് തകർപ്പൻ വിജയം നേടുന്നത്. കേരളത്തിലും വിദേശത്തും ഗംഭീര പ്രതികരണമാണ് ചിത്രം നേടിയത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ.
Content Highlights: A remake that will never happen kalamkaval video goes viral