

സമ്പൂർണ മദ്യനിരോധനം പ്രാബല്യത്തിലുള്ള സൗദി അറേബ്യയിലെ മുസ്‌ലിമുകളല്ലാത്ത വിദേശ താമസക്കാർക്കായി നിയമത്തിൽ പരിഷ്കരണം വരുത്തുവാൻ തീരുമാനം. എന്നാൽ മദ്യപിക്കാൻ ആഗ്രഹിക്കുന്നവരുടെ കൈയ്യിൽ വലിയ തുകയുണ്ടാകണമെന്നതാണ് പ്രധാന കാര്യം. ഖുർആൻ അനുസരിച്ച്, മുസ്‌ലിം മതവിശ്വാസികൾ മദ്യവും മറ്റ് ലഹരിവസ്തുക്കളും ഉപേക്ഷിക്കണമെന്നാണ് അനുശാസിക്കുന്നത്. സൗദി അറേബ്യ ഒരു മുസ്‌ലിം രാഷ്ട്രമായതിനാൽ, അവിടുത്തെ മിക്ക നിയമങ്ങളും ഖുർആൻ അനുസരിച്ചാണ് രൂപപ്പെടുത്തിയിരുന്നത്. എങ്കിലും സ്ത്രീകൾക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് പോലുള്ള നിരവധി നിയമങ്ങൾ സമീപ വർഷങ്ങളിൽ മാറ്റിയെഴുതുകയുണ്ടായി.
ഇപ്പോൾ, സൗദി അറേബ്യയിലെ മുസ്‌ലിങ്ങൾ അല്ലാത്ത വിദേശ താമസക്കാർക്ക് മദ്യം വാങ്ങുവാനും സാധിക്കും. എന്നാൽ മാസം 50,000 റിയാലോ അല്ലെങ്കിൽ ഏകദേശം 13,300 ഡോളറോ അതിൽ കൂടുതലോ വരുമാനമുള്ളവർക്ക് മാത്രമേ മദ്യം വാങ്ങാൻ കഴിയൂവെന്നതാണ് പുതിയ നിയമത്തിന്റെ പ്രത്യേകത.
ഉന്നത വിദ്യാഭ്യാസം നേടിയ വിദേശിയരെ ആകർഷിക്കുക, 2034 ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനായി കൂടുതൽ സാമ്പത്തികനേട്ടം, വിനോദസഞ്ചാര മേഖലയുടെ വളർച്ച, എണ്ണയിതര വരുമാനം തുടങ്ങിയ നിരവധി ലക്ഷ്യങ്ങളാണ് മദ്യം നിയമപരമാക്കുന്നതിലൂടെ സൗദി ലക്ഷ്യമിടുന്നത്. അയൽരാജ്യമായ യുഎഇയിലെ ദുബായിൽ മദ്യവിൽപ്പനയിലൂടെ വലിയ വരുമാനമുണ്ടാക്കുന്നത് ശ്രദ്ധിക്കാതെ പോകാൻ കഴിയില്ലെന്നാണ് സൗദിയുടെ നിലപാട്.
വൻതോതിലുള്ള എണ്ണസമ്പത്ത് ഉണ്ടെങ്കിലും വരും വർഷങ്ങളിൽ സൗദി ധനക്കമ്മി പ്രതീക്ഷിക്കുന്നുണ്ട്. ഇതിനെ മറികടക്കാനുള്ള പദ്ധതികളുടെ ഭാഗവുമാണ് മദ്യനിയമത്തിലെ പരിഷ്കരണം. പുതിയ നിയമത്തോട് അധികാരികൾ പൊതുവെ അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്.
Content Highlights: Saudi Arabia Plans to Make Alcohol Available to Non-Muslim Foreigners, but a Major Hurdle Remains