ഗാസയിൽ സമാധാനം പുനസ്ഥാപിക്കൽ; ഇസ്രയേൽ സേനയെ പിൻവലിക്കണമെന്ന് ഖത്തറും ഈജിപ്തും

സമാധാന പദ്ധതിയിലെ നിർണായക നിമിഷങ്ങളാണ് കടന്നുപോകുന്നതെന്ന് ഖത്തർ പ്രധാനമന്ത്രി

ഗാസയിൽ സമാധാനം പുനസ്ഥാപിക്കൽ; ഇസ്രയേൽ സേനയെ പിൻവലിക്കണമെന്ന് ഖത്തറും ഈജിപ്തും
dot image

ഗാസയിൽ സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാ​ഗമായി ഇസ്രയേൽ സേനയെ പ്രദേശത്ത് നിന്ന് പിൻവലിക്കണമെന്ന് ഖത്തറിന്റെയും ഈജിപ്തിന്റെയും ആവശ്യം. ​ഗാസയിലെ സമാധാന കരാറിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാ​ഗമായാണ് ഇസ്രയേൽ സേനയെ പ്രദേശത്ത് നിന്ന് പിൻവലിക്കാനും പകരം രാജ്യാന്തര സേനയെ വിന്യസിക്കാനും ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടിരിക്കുന്നത്. ​ഗാസയിൽ സമാധാന ചർച്ചകൾക്ക് മാധ്യസ്ഥം വഹിച്ച രാജ്യങ്ങളാണ് ഖത്തറും ഈജിപ്തും.

ഇസ്രയേൽ സൈന്യം ​ഗാസയിൽ നിന്ന് പൂർണമായി പിന്മാറിയാലേ മേഖലയിൽ സമാധാനം സ്ഥാപിക്കാൻ കഴിയൂവെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി പറഞ്ഞു. സമാധാന പദ്ധതിയിലെ നിർണായക നിമിഷങ്ങളാണ് കടന്നുപോകുന്നതെന്നും ഖത്തർ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നേരത്തെ ​ഗാസയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച പദ്ധതിയിൽ ഇസ്രയേലിന്റെ സേനാ പിന്മാറ്റം വ്യക്തമാക്കിയിട്ടുള്ളതാണ്. ഐക്യരാഷ്ട്ര സഭയുടെ പിന്തുണയും അമേരിക്കയുടെ പദ്ധതിക്കുണ്ടായിരുന്നു. ഇതിന്റെ ഭാ​ഗമായി ​ഗാസയിൽ ഇസ്രയേൽ സൈനിക നടപടികൾ വലിയൊരളവിൽ അവസാനിച്ചിരുന്നു. എന്നാൽ കരാറിന്റെ ആദ്യ ഘട്ടത്തിൽ നിന്ന് മുന്നോട്ടുപോകാൻ കക്ഷികൾക്ക് സാധിക്കുന്നില്ല.

​ഗാസ അതിർത്തിയിലെ മഞ്ഞ വരയ്ക്ക് പിന്നിലേക്ക് ഇസ്രയേൽ സേന പിന്മാറണമെന്നാണ് കരാറിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സമാനമായി പലസ്തീൻ സായുധ സംഘടനയായ ഹമാസ് ഇസ്രയേൽ ബന്ദികളെ വിട്ടയക്കുകയും വേണം. എന്നാൽ കരാറിലെ വ്യവസ്ഥകൾ ഇരുരാജ്യങ്ങളും പരസ്പരം ലംഘിക്കുന്നത് സമാധാന നടപടികൾ പൂർണമാകുന്നത് വൈകിക്കുകയാണ്.

Content Highlights: Qatar And Egypt Call For Israeli Forces To Withdraw In Push For Gaza Peace

dot image
To advertise here,contact us
dot image