

ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ ഹിറ്റായിരുന്നു. ചിത്രത്തിൽ പാച്ചു എന്ന കഥാപാത്രത്തിലേക്ക് ആദ്യം പ്ലാൻ ചെയ്തിരുന്നത് നിവിൻ പോളിയെ ആയിരുന്നു. ഇപ്പോഴിതാ നിവിനിൽ നിന്ന് ഫഹദിലേക്ക് പാച്ചു എന്ന കഥാപാത്രം എത്തിയതിനെക്കുറിച്ച് മനസുതുറക്കുകയാണ് അഖിൽ സത്യൻ. സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് അഖിൽ ഇക്കാര്യം മനസുതുറന്നത്.
'അച്ഛന്റെ അടുത്ത സിനിമയായ 'ഞാൻ പ്രകാശന്റെ' ഷൂട്ടിങ് തുടങ്ങുന്നതിന്റെ ഒരാഴ്‌ച മുൻപ് ഞാൻ നിവിനെ നേരിട്ടുകണ്ട് പാച്ചുവിൻ്റെ ഏകദേശരൂപം പറഞ്ഞ് കൈകൊടുത്ത് പിരിഞ്ഞു. പ്രകാശന്റെ നൂറാം ദിനാഘോഷം കഴിഞ്ഞ് കൃത്യം ഒരു മാസത്തിനുശേഷം നിവിനെ മാത്രം മനസ്സിൽ കണ്ടുകൊണ്ട് തിരക്കഥ എഴുതിത്തുടങ്ങി. ഉമ്മച്ചി ഇറങ്ങിയ അതേ ഗോവ സ്റ്റേഷനിൽ, ഹംസധ്വനിക്കായി പാച്ചു ട്രെയിനിൽനിന്ന് ചാടിയിറങ്ങുന്നത് എഴുതി അടിവരയിട്ടപ്പോൾ എന്റെ മനസ്സിൽ പാച്ചുവിൻ്റെ മുഖത്ത് നിവിന്റെ മാത്രം ചിരിയായിരുന്നു. ഒരു സിനിമ അതിൻ്റെ വിധി സ്വയം നിശ്ചയിക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു പിന്നീട് നടന്നത്. നിവിൻ്റെ തിരക്കുകളും എന്റെ തിടുക്കവും, പാകത്തിന് യാദൃച്ഛികതകളും ചേർന്നപ്പോഴാണ് പിന്നീട് ഫഹദ് ഫാസിൽ പാച്ചുവായി മാറുന്നത്. 'സർവ്വം മായ' എന്നല്ലാതെ എന്ത് പറയാൻ', അഖിൽ സത്യന്റെ വാക്കുകൾ.
അഞ്ജന ജയപ്രകാശ്, മുകേഷ്, ഇന്നസെന്റ്, വിനീത് എന്നിവരായിരുന്നു സിനിമയിലെ മറ്റു അഭിനേതാക്കൾ. സിനിമയിലെ ഫഹദിന്റെ പ്രകടനം ഏറെ കയ്യടി വാങ്ങിയിരുന്നു. അതേസമയം, നിവിനെ നായകനാക്കി അഖിൽ സത്യൻ ഒരുക്കുന്ന സർവ്വം മായ ക്രിസ്മസിന് റിലീസിന് ഒരുങ്ങുകയാണ്. വലിയ പ്രതീക്ഷകളാണ് നിവിൻ ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്.

ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കാൻ ഒരുങ്ങുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്. ഒരിടവേളയ്ക്ക് ശേഷം അജു വർഗീസ്-നിവിൻ പോളി കോമ്പോ ഒരുമിക്കുന്ന സിനിമയാണ് സർവ്വം മായ. സിനിമയിൽ ഇവരുടെ കോമ്പിനേഷൻ വളരെ രസകരമായിട്ടാണ് വന്നിട്ടുള്ളതെന്ന് അഖിൽ സത്യൻ റിപ്പോർട്ടറിനോട് നേരത്തെ മനസുതുറന്നിരുന്നു.
Content Highlights: Akhil Sathyan about Fahadh faasil and Nivin Pauly