

പുതിയ ഹോം കിറ്റ് പ്രകാശനം ചെയ്ത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഇന്ത്യൻ ഫുട്ബോളിലെ നടപടികളില്ലായ്മയും വ്യക്തമായ ദിശാബോധമില്ലായ്മയും കാരണം ലീഗിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതാവസ്ഥ തുടരുന്ന നിലവിലെ സാഹചര്യത്തിൽ ഈ ജേഴ്‌സി എപ്പോൾ ധരിക്കാൻ സാധിക്കും എന്ന ചോദ്യത്തോടെയാണ് ബ്ലാസ്റ്റേഴ്സ് ഹോം കിറ്റ് പ്രകാശനം ചെയ്തത്. എങ്കിലും ലീഗ് മത്സരങ്ങൾ തുടങ്ങുമ്പോൾ തന്നെ കളത്തിലിറങ്ങാൻ ക്ലബ്ബ് പൂർണ്ണമായും സജ്ജമാണ് എന്നും ഈ സമയത്ത് ജേഴ്‌സി അവതരിപ്പിച്ചതിലൂടെ സൂചിപ്പിക്കുന്നത്.
ക്ലബ്ബിൻ്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ഈ ജേഴ്സി പ്രകാശനം ചെയ്തത്. കേരളത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ആദരിച്ചുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ പുതിയ ഹോം കിറ്റ് പ്രകാശനം ചെയ്തത്. സംസ്ഥാനത്തിൻ്റെയും ജനങ്ങളുടെയും തളരാത്ത പോരാട്ടവീര്യം വിളിച്ചോതുന്ന ഡിസൈനാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് അവതരിപ്പിച്ചത്.
കേരളത്തിൻ്റെ പ്രധാന കലാരൂപങ്ങളിൽ ഒന്നായ തെയ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ജേഴ്സി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ധൈര്യത്തിൻ്റെയും ഉറച്ച വിശ്വാസത്തിൻ്റെയും അഭിമാനത്തിൻ്റെയും പ്രതീകമായ തെയ്യത്തിൻ്റെ സങ്കീർണ്ണമായ മുഖചിത്രങ്ങൾ ക്ലബ്ബിൻ്റെ ചിഹ്നമായ ആനയുടെ ലോഗോയിൽ സമന്വയിപ്പിച്ചത്.
Content Highlights: Kerala Blasters FC unveil new Home Kit Jersey with a Question