

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്‍റിനുള്ള ടീമിൽ നിന്നും ഒഴിവാക്കിയെന്ന് ആരോപിച്ച് പരിശീലകനെ ക്രൂരമായി മർദിച്ച് ക്രിക്കറ്റ് താരങ്ങൾ. പോണ്ടിച്ചേരി ക്രിക്കറ്റ് അസോസിയേഷന്‍ അണ്ടര്‍ 19 ടീമിന്റെ മുഖ്യ പരിശീലകനായ എസ് വെങ്കട്ടരാമനെയാണ് താരങ്ങൾ ആക്രമിച്ചത്. ഗ്രൗണ്ടിൽ വെച്ച് മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ വെങ്കട്ടരാമനെ മര്‍ദിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് റിപ്പോര്‍ട്ട് ചെയ്തത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം നെറ്റ്സിൽ പരിശീലന സെഷനുകൾ നിരീക്ഷിക്കുന്നതിനിടെയാണ് പരിശീലകൻ വെങ്കിട്ടരാമൻ ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വെങ്കട്ടരാമന്‍റെ നെറ്റിയില്‍ 20 തുന്നലുണ്ട്. ആക്രമണത്തില്‍ വെങ്കട്ടരാമന്റെ തോളെല്ലിന് വാരിയെല്ലിനും പൊട്ടലുമേറ്റിട്ടുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രാദേശിക താരങ്ങളായ കാർത്തികേയൻ, അരവിന്ദരാജൻ, സന്തോഷ് കുമാർ എന്നിവരാണ് തന്നെ മർദിച്ചതെന്നാണ് വെങ്കട്ടരാമൻ പരാതിയിൽ പറയുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫി സ്ക്വാഡിൽ തിരഞ്ഞെടുക്കാതിരുന്നതിന് കാരണം ഞാനാണെന്ന് അവർ പറഞ്ഞു. അരവിന്ദരാജൻ എന്നെ പിടിച്ചുനിർത്തി. സന്തോഷ് കുമാരൻ്റെ കയ്യിലുണ്ടായിരുന്ന ബാറ്റ് കാർത്തികേയൻ എടുത്ത് എന്നെ ആക്രമിച്ചു. കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ് ആക്രമിച്ചതെന്നും താൻ മരിച്ചാൽ മാത്രമേ ഞങ്ങൾക്ക് അവസരം കിട്ടൂവെന്ന് ആക്രമികൾ പറഞ്ഞതായും വെങ്കട്ടരാമൻ പരാതിയിൽ പറയുന്നുണ്ട്.
സംഭവത്തില്‍ കാര്‍ത്തികേയന്‍, അരവിന്ദ് രാജ്, സന്തോഷ് കുമാര്‍ എന്നിവർക്കെതിരെ പൊലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇവര്‍ ഒളിവിലാണെന്നാണ് വിവരം. പെട്ടെന്നുള്ള സംഘർഷത്തിൽ, മൂവരും ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് അദ്ദേഹത്തെ ആക്രമിക്കുകയും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നതിന് മുമ്പ് നിരവധി തവണ അടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നുണ്ട്.
Content Highlights: Cricket Coach Attacked Over Selection in Syed Mushtaq Ali Trophy