

ഒമാനിൽ പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ദിനത്തിൽ വേറിട്ടൊരു വരവിലൂടെ സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുകയാണ് ഒരു ഒമാനി പെൺകുട്ടി. സ്‌കൂളിലേക്കുള്ള യാത്രയ്‌ക്ക് ബസ്സോ മറ്റ് വാഹനങ്ങളോ തിരഞ്ഞെടുക്കുന്നതിന് പകരം സ്വന്തം കുതിരപ്പുറത്തേറിയാണ് ഈ വിദ്യാർത്ഥിനി ക്ലാസിലേക്ക് എത്തിയത്. കുതിരസവാരി ചെയ്ത് സ്കൂളിലേക്ക് പോകുന്ന പെൺകുട്ടിയുടെ ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ടാണ് ഒമാനിലുടനീളം തരംഗമായത്.
2026-2027 അധ്യയന വർഷത്തിന്റെ തുടക്കത്തിൽ പതിനായിരക്കണക്കിന് കുട്ടികൾ സ്കൂളുകളിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ഏവരുടെയും ശ്രദ്ധ കവർന്ന ഈ അപൂർവ്വ നിമിഷം അരങ്ങേറിയത്. സ്‌കൂൾ യൂണിഫോം ധരിച്ച്, റോഡിലൂടെ ശാന്തയായി കുതിരയെ ഓടിച്ചുപോകുന്ന പെൺകുട്ടിയുടെ ചിത്രങ്ങൾ ഒമാന്റെ പരമ്പരാഗത സംസ്കാരത്തിന്റെ ഭംഗി വിളിച്ചോതുന്നതായിരുന്നു. സാധാരണമായ ഒരു സ്കൂൾ യാത്രയെ നാടിന്റെ പാരമ്പര്യത്തോടുള്ള ആദരവാക്കി മാറ്റാൻ ഈ കൊച്ചുമിടുക്കിക്ക് സാധിച്ചു.
يبدو أن الباص قد نسي إحداهن لكن الشوق والعزيمة لم يمنعاها من الذهاب إلى المدرسة فامتطت جوادها وانطلقت pic.twitter.com/JyPyJ7erAj
— رسائل حُب (@todaymessagee) September 6, 2026
പെൺകുട്ടിയുടെ ആത്മവിശ്വാസത്തെയും ഒമാന്റെ പരമ്പരാഗത കുതിരസവാരി പാരമ്പര്യത്തോടുള്ള തീവ്രമായ സ്നേഹത്തെയും വാനോളം പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ. പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കുവെച്ചതും ചർച്ച ചെയ്തതുമായ മനോഹര നിമിഷങ്ങളിൽ ഒന്നായി ഈ വേറിട്ട യാത്ര മാറിയിരിക്കുകയാണ്.
Content Highlights: An Omani schoolgirl made a memorable entry to her school by arriving on horseback as the new academic year began. A video capturing the unusual and stylish arrival quickly went viral on social media.