

ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്ന ചരക്കുകൾക്ക് തടി, പ്ലാസ്റ്റിക് അല്ലെങ്കിൽ ലോഹം എന്നിവ കൊണ്ടുള്ള പാലറ്റുകൾ നിർബന്ധമാക്കി ഒമാൻ കസ്റ്റംസ്. ജിസിസി ഏകീകൃത കസ്റ്റംസ് നിയമത്തിന്റെ ഭാഗമായി റോയൽ ഒമാൻ പൊലീസ് ഡയറക്ടറേറ്റ് ജനറൽ ഓഫ് കസ്റ്റംസ് ആണ് ഈ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. അതിർത്തി പോസ്റ്റുകൾ വഴിയുള്ള ചരക്കുനീക്കം സുഗമമാക്കാനും കസ്റ്റംസ് പരിശോധനകളിലെ താമസം ഒഴിവാക്കാനുമാണ് ഈ പരിഷ്കാരം.
രണ്ട് ഘട്ടങ്ങളായാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടം അടുത്ത മാസം 15 മുതൽ നടപ്പിലാക്കും. ഇതുപ്രകാരം കര അതിർത്തികൾ വഴി ഒമാനിലേക്ക് എത്തുന്ന എല്ലാ വാണിജ്യ ചരക്കുകൾക്കും പാലറ്റുകൾ നിർബന്ധമാക്കും. രണ്ടാം ഘട്ടം സെപ്റ്റംബർ 15 മുതലാണ് നടപ്പിലാക്കുക. വിമാനത്താവളങ്ങളും തുറമുഖങ്ങളും വഴി എത്തുന്ന ചരക്കുകൾക്കും ഈ നിയമം ബാധകമാകും.
ലോഡിംഗും കൈകാര്യം ചെയ്യലും ആവശ്യമായ എല്ലാ സാധനങ്ങളും നിർദ്ദിഷ്ട പാലറ്റുകളിൽ കൃത്യമായി വെച്ചിരിക്കണം. എന്നാൽ, പാലറ്റുകളിൽ വെക്കാൻ സാധിക്കാത്ത തരത്തിലുള്ള പ്രത്യേക സാധനങ്ങളെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇറക്കുമതിക്കാരും ലോജിസ്റ്റിക്‌സ് ഓപ്പറേറ്റർമാരും ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഒമാൻ കസ്റ്റംസ് അറിയിച്ചു. പുതിയ ചട്ടങ്ങൾ പാലിക്കാതെ എത്തുന്ന ചരക്കുകൾ കസ്റ്റംസ് സ്വീകരിക്കില്ലെന്നും അവ വന്ന രാജ്യത്തേക്ക് തന്നെ തിരിച്ചയക്കുമെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlights: Oman will make the use of pallets mandatory for cargo imports starting next month. The new regulation aims to improve cargo handling efficiency, safety, and logistics operations across ports and warehouses.