

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഓങ്കോളജി ഐസിയുവില്‍ ദുരിതം. എസി തകരാറിലായിട്ട് രണ്ടാഴ്ച പിന്നിട്ടതിനെ തുടര്‍ന്ന് ചൂട് സഹിക്കാനാകാതെ ക്യാന്‍സര്‍ രോഗികള്‍ വലയുകയാണ്. 16 കിടക്കകളുള്ള ഐസിയുവില്‍ കീമോ കഴിഞ്ഞവരും ഉണ്ട് എന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. എസിയുടെ കംപ്രസര്‍ കേടായതാണ് തകരാറിന് കാരണം എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എസിക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നാണ് വിശദീകരണം.
പ്രത്യേക പരിചരണം ആവശ്യമുള്ള രോഗികളാണ് ഓങ്കോളജി വിഭാഗത്തിലെ ഐസിയുവില്‍ കഴിയുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയോട് ചേര്‍ന്നുള്ള സ്‌പെഷ്യാലിറ്റി ക്യാന്‍സര്‍ ബ്ലോക്കിന്റെ അഞ്ചാമത്തെ നിലയിലാണ് ഓങ്കോളജി ഡിപ്പാര്‍ട്‌മെന്റ് പ്രവര്‍ത്തിക്കുന്നത്. എസി രണ്ടാഴ്ചയായി പ്രവര്‍ത്തിക്കാത്തതിനെ സംബന്ധിച്ച് രോഗികളുടെ കൂട്ടിരിപ്പുകാരടക്കം വലിയ പാരാതികളാണ് ഉന്നയിക്കുന്നത്. എന്നിട്ടും ഇതുവരെ പരിഹാരം ഒന്നും കണ്ടിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ കൊടും ചൂടാണ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അനുഭവിക്കേണ്ടിവരുന്നതെന്നാണ് പരാതി.
കംപ്രസര്‍ തകരാറിലായ എസിയുടെ ചില ഭാഗങ്ങള്‍ കിട്ടാനില്ലാത്തതാണ് പരിഹാരം കാണാന്‍ വൈകുന്നതിന് കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഐസിയുവിലുള്ള ഓരോ രോഗികള്‍ക്കും പ്രത്യേകം ഫാനുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും അശുപത്രി വിശദീകരണം നല്‍കുന്നുണ്ട്. എന്നാല്‍ ഫാന്‍ മാത്രം കൊണ്ട് പ്രത്യേക പരിചരണം ആവശ്യമായ രോഗികളുടെ ബുദ്ധിമുട്ട് പരിഹരിക്കാനാകില്ലെന്നാണ് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
Content Highlights: Cancer patients at the 16-bed oncology ICU of Ernakulam General Hospital are reportedly struggling with severe heat after the air conditioner remained out of service for two weeks. The ICU also has patients who have undergone chemotherapy. Hospital authorities said the AC compressor was damaged and that a replacement unit has been ordered.