ഡ്രോണുകൾക്ക് പുതിയ നിയന്ത്രണങ്ങളുമായി കുവൈറ്റ്; നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷ

നിയമലംഘനം ഉണ്ടായാൽ മൂന്ന് വർഷം വരെ തടവും 5,000 കുവൈത്തി ദീനാർ വരെ പിഴയും ശിക്ഷയായി ലഭിക്കും.

ഡ്രോണുകൾക്ക് പുതിയ നിയന്ത്രണങ്ങളുമായി കുവൈറ്റ്; നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷ
dot image

കുവൈറ്റിൽ ഡ്രോൺ നിയമം കൂടുതൽ കർശനമാകുന്നു. ഡ്രോണുകൾ, ലൈറ്റ് സ്പോർട്സ് എയർക്രാഫ്റ്റുകൾ, വ്യോമ കായികാഭ്യാസങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിനായാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കന്നത്. നിയമലംഘനം ഉണ്ടായാൽ മൂന്ന് വർഷം വരെ തടവും 5,000 കുവൈത്തി ദീനാർ വരെ പിഴയും ശിക്ഷയായി ലഭിക്കും.

ഡ്രോണുകളുടെയും ലഘു വിമാനങ്ങളുടെയും രജിസ്ട്രേഷൻ, ഇറക്കുമതി, നിർമ്മാണം, വിൽപ്പന, വാണിജ്യ-വിനോദ വ്യോമ കായികാഭ്യാസങ്ങൾ എന്നിവയെല്ലാം പുതിയ 44 ആർട്ടിക്കിളുകളുള്ള നിയമത്തിന്റെ പരിധിയിൽ വരും. ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഇത്തരം വിമാനങ്ങൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. അനുമതിയില്ലാതെയുള്ള ഉപയോഗത്തിന് രണ്ട് വർഷം വരെ തടവും 1,000 മുതൽ 2,000 ദീനാർ വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക.

വിമാനത്താവള പരിസരങ്ങളിലും നിരോധിക്കപ്പെട്ട മേഖലകളിലും അനുമതിയില്ലാതെ ഡ്രോൺ പറത്തുക, അനധികൃതമായി വിമാനങ്ങൾ ഇറക്കുമതി ചെയ്യുകയോ നിർമ്മിക്കുകയോ ചെയ്യുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് മൂന്ന് വർഷം വരെ തടവും 3,000 മുതൽ 5,000 ദീനാർ വരെ പിഴയും ചുമത്തുന്നതാണ്. രാജ്യത്തിന്റെ സുരക്ഷയ്‌ക്കോ പൊതുജനങ്ങൾക്കോ ഭീഷണിയാകുന്ന ഡ്രോണുകളെ വെടിവെച്ചിടാനോ, സിഗ്നലുകൾ ജാം ചെയ്യാനോ, നിയന്ത്രണം ഏറ്റെടുക്കാനോ ഉള്ള പ്രത്യേക അധികാരം സുരക്ഷാ-സൈനിക വിഭാഗങ്ങൾക്ക് ഈ നിയമം നൽകുന്നുണ്ട്.

സ്വകാര്യതയ്ക്കും പൊതുസുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ടാണ് പുതിയ നിയമങ്ങൾ രൂപീകരിച്ചിരിക്കുന്നത്. രാത്രികാലങ്ങളിൽ ഡ്രോണുകൾ പറത്തുന്നതിനും അനുമതിയില്ലാതെ ആളുകളുടെയോ സ്വകാര്യ സ്വത്തുക്കളുടെയോ ഫോട്ടോയോ വീഡിയോയോ പകർത്തുന്നതിനും കർശന നിയന്ത്രണമുണ്ട്. നിലവിൽ ഡ്രോണുകളും ലഘു വിമാനങ്ങളും കൈവശമുള്ളവർക്ക് പുതിയ നിയമങ്ങളുമായി പൊരുത്തപ്പെടുന്നതിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.

Content Highlights: Kuwait has introduced new regulations governing the use of drones. The new rules include strict penalties for violations, as authorities move to strengthen controls over drone operations in the country.

dot image
To advertise here,contact us
dot image