

ആശ സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ അവതാരക ഇംഗ്ലിഷ് സംസാരിച്ചതിനെ കുറിച്ച് നടി ഉർവശി വേദിയിൽ നടത്തിയ പ്രതികരണം ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഉർവശിയെ അനുകൂലിച്ചാണ് ചിലർ രംഗത്ത് എത്തിയതെങ്കിൽ അവതാരകയെ അപമാനിച്ച് സംസാരിച്ചത് ശരിയായില്ലെന്നും നടിക്കെതിരെ വിമർശനം ഉയർന്നിരുന്നു.
ഇപ്പോൾ നിർമാതാവും നടൻ പൃഥ്വിരാജിന്റെ ജീവിതപങ്കാളിയുമായ സുപ്രിയ മേനോൻ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ആശ സിനിമാ പരിപാടിയിൽ അവതാരകയായി എത്തിയ ദീക്ഷ രവീന്ദ്രനാഥിനെ പിന്തുണച്ചുകൊണ്ട് ഒരാൾ പങ്കുവെച്ച കുറിപ്പിന് താഴെയായിരുന്നു സുപ്രിയയുടെ പ്രതികരണം.
ഇംഗ്ലിഷിനെ പറ്റി എപ്പോഴും നടക്കുന്ന ഇത്തരം വിവാദങ്ങൾ തന്നെ ശയക്കുഴപ്പത്തിലാക്കാറുണ്ടെന്നും സമാനമായ വിമർശനങ്ങൾ താനും നേരിട്ടിട്ടുണ്ടെന്നും സുപ്രിയ പറഞ്ഞു. 'എന്തിനാണ് ഇംഗ്ലിഷിനെ കുറിച്ച് ഇങ്ങനെ വിവാദമുണ്ടാക്കുന്നത് എന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. പൊതുഇടത്തിലേക്ക് കടന്നുവന്നതിന് ശേഷം ഞാനും സമാനമായ സാഹചര്യങ്ങൾ നേരിട്ടിട്ടുണ്ട്. ഇംഗ്ലിഷ് മീഡിയം സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും കുട്ടികളെ അയക്കുന്നവരാണ് നമ്മൾ.

വിദേശരാജ്യങ്ങളിലേക്ക് അതിവേഗം കുടിയേറാനും നമുക്ക് മടിയില്ല. വിദേശ രാജ്യങ്ങളിൽ താമസമാക്കിയ പ്രധാന കമ്യൂണിറ്റികളിലൊന്നാണ് മലയാളികൾ എന്ന് കൂടി ഓർക്കണം. എന്നിട്ടും ആരെങ്കിലും ഇംഗ്ലിഷിൽ സംസാരിക്കുമ്പോൾ എന്തിനാണ് നമ്മൾ അതിനെ അഹങ്കാരത്തിന്റെ ചിഹ്നമായി മാത്രം കാണുന്നത് ? മലയാള ഭാഷയിലുള്ള നമ്മുടെ അഭിമാനവും അതിനോടുള്ള സ്‌നേഹവും ഒരാൾ മറ്റൊരു ഭാഷയിൽ സംസാരിച്ചാൽ കുറഞ്ഞുപോകുമോ?. ഇത് മനസിലാക്കാൻ കഴിയുന്നതിനും അപ്പുറമാണ്,' സുപ്രിയ മേനോൻ പറഞ്ഞു. സമാന അഭിപ്രായങ്ങൾ നടിയും അവതാരകയുമായ ശ്രുതി മേനോനടക്കം നിരവധി പേർ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ആശ സിനിമയുടെ റിലീസിന് മുന്നോടിയായുള്ള ഇവന്റ് ലുലു മാളിൽ വെച്ച് നടന്നത്. ഇവന്റിൽ ഉർവശിയെ സംസാരിക്കാനായി ക്ഷണിച്ചപ്പോഴാണ് അവതാരക ഇംഗ്ലിഷിൽ സംസാരിച്ചത്. ഭൂരിഭാഗവും മലയാളികൾ വന്നുചേർന്നിട്ടുള്ള ഒരു ഇവന്റിൽ എന്തിനാണ് ഇംഗ്ലിഷിൽ 'കടുക് വറക്കുന്നത്' എന്നായിരുന്നു ഉർവശി ചോദിച്ചത്. നമ്മുടെ നാട്ടിൽ സംസാരിക്കുമ്പോൾ നമ്മുടെ ഭാഷയിൽ സംസാരിച്ചാൽ പോരേ എന്നും ഉർവശി ചോദിച്ചത്.
ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വൈറലായി. അവതാരകയെ കളിയാക്കികൊണ്ടായിരുന്നു പലരും വീഡിയോ പങ്കുവെച്ചത്. എന്നാൽ പിന്നീട് ഉർവശിയ്‌ക്കെതിരെയും വിമർശനം ഉയർന്നു. പൊതുവേദിയിൽ വെച്ച് ആരെയെങ്കിലും അപമാനിച്ചുകൊണ്ടല്ല അഭിപ്രായപ്രകടനങ്ങളും ഭാഷാസ്‌നേഹവും പ്രകടിപ്പിക്കേണ്ടത് എന്നായിരുന്നു അഭിപ്രായങ്ങൾ.
Content Highlights: Supriya Menon criticises Urvasi for degrading an anchor for speaking in English in Aasha movie event