

ന്യൂഡൽഹി: വിദ്യാർത്ഥി സമരം ശക്തമായിരിക്കെ വ്യത്യസ്ത അഭിപ്രായവുമായി ബിജെപിയുടെ മുതിർന്ന നേതാവ് മുരളി മനോഹർ ജോഷി. വിദ്യാർത്ഥികളുടെ ആശങ്ക ന്യായമാണെന്നും അവർ തെരുവുകളിൽ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന കാഴ് ച ഏറെ വേദനാജനകമാണെന്നുമാണ് എക്സ് പോസ്റ്റിലൂടെ മുരളി മനോഹർ ജോഷി പ്രതികരിച്ചിരിക്കുന്നത്.
'രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ യുവ വിദ്യാർഥികൾ ദിവസങ്ങളായി ന്യൂഡൽഹിയിലെ തെരുവുകളിൽ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന കാഴ്ച ഏറെ വേദനാജനകമാണ്. പരീക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട അവരുടെ ആശങ്കകളും ആശയക്കുഴപ്പങ്ങളും യാഥാർഥ്യമുള്ളവയാണ്. അതിനാൽ അവയെ സഹാനുഭൂതിയോടെയും ശാശ്വതമായ പരിഹാരം കണ്ടെത്താനുള്ള ആത്മാർഥമായ ശ്രമത്തോടെയും സമീപിക്കേണ്ടതുണ്ട്' എന്നാണ് മുരളി മനോഹർ ജോഷി എക്സിൽ കുറിച്ചിരിക്കുന്നത്.
'ഈ വിഷയത്തെ കേവലം നിയമ-സമാധാന പ്രശ്നമായി മാത്രം കണ്ട് ബലപ്രയോഗത്തിലൂടെ നേരിടാൻ ശ്രമിക്കില്ലെന്ന് ഞാൻ ആത്മാർഥമായി പ്രത്യാശിക്കുന്നു. യുവതികളടക്കമുള്ള വിദ്യാർഥികളോട് അതിക്രൂരമായി പെരുമാറിയെന്ന വാർത്തകൾ ഏറെ വേദനിപ്പിക്കുന്നതാണ്. ഇത്തരം ബലപ്രയോഗങ്ങൾ ഇന്ത്യയെ 'വിക്സിത് ഭാരത്' (വികസിത ഇന്ത്യ)' എന്ന ദേശീയ ലക്ഷ്യത്തിൽ നിന്ന് സമൂഹത്തിലെ വലിയൊരു വിഭാഗത്തെ അകറ്റിനിർത്താൻ ഇടയാക്കുമെന്നും മുരളി മനോഹർ ജോഷി തൻ്റെ എക്സ് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇതിനിടെ ഡൽഹിയിൽ പ്രതിപക്ഷത്തിൻ്റെ മിന്നൽ പ്രതിഷേധം നടന്നു. എംപിമാരുടെ പ്രതിഷേധ മാർച്ച് ഗാന്ധിസ്മൃതിയിലെത്തുകയായിരുന്നു. ഇന്‍ഡ്യാ സഖ്യത്തിലെ എല്ലാ എംപിമാരും പ്രതിഷേധത്തിനായി എത്തിയിരുന്നു. രാഹുൽ ഗാന്ധി അടക്കമുള്ള എംപിമാർ ഗാന്ധി സ്മൃതിയിൽ പ്രവേശിച്ചിരുന്നു. ഗാന്ധി സ്മൃതിയിലേയ്ക്ക് എത്തിയ വാഹനത്തിൽ നിന്നും പ്ലക്കാർഡുമായി ഇറങ്ങിയ എംപിമാരുടെ മുൻനിരയിൽ പ്രിയങ്ക ഗാന്ധി, മിർസ ഭാരതി, സുപ്രിയ സുലെ, കുമാരി ഷെൽജ, രേണുക ചൗധരി തുടങ്ങിയ വനിത എം പിമാരാണ് അണിനിരന്നത്. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു പ്രതിപക്ഷത്തിന്റെ മിന്നല്‍ പ്രതിഷേധമുണ്ടായത്. എംപിമാര്‍ ഒറ്റക്കെട്ടായാണ് പ്രതിഷേധിച്ചത്. ഗാന്ധി സ്മൃതിയിൽ ദേശീയഗാനം ചെല്ലിയാണ് പ്രതിഷേധം അവസാനിച്ചത്.
Content Highlights: Senior BJP leader Murli Manohar Joshi has expressed support for protesting students, saying their concerns over the examination system are genuine and should be addressed with empathy rather than treated as a law-and-order issue.