

യുഎഇയിൽ കമ്പനികൾ ഒടിപികളും മറ്റ് പ്രധാന അറിയിപ്പുകളും എസ്എംഎസ് വഴി ഉപഭോക്താക്കൾക്ക് അയക്കുന്നതിൽ പുതിയ നിർദ്ദേശങ്ങളുമായി ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി. ഇനിമുതൽ ഇടനിലക്കാരില്ലാതെ, എസ്എംഎസ് നേരിട്ട് ഉപഭോക്താവിലേക്ക് സന്ദേശങ്ങൾ എത്തുന്ന രീതിയിലുള്ള 'ഡയറക്ട് മോഡലിലേക്ക്' മാറാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
സന്ദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സേവന നിലവാരം വർദ്ധിപ്പിക്കുന്നതിനുമാണ് ഈ പുതിയ രീതി നടപ്പിലാക്കുന്നത്. ഇതിനായി 2026 ഡിസംബർ 31 വരെയാണ് സ്ഥാപനങ്ങൾക്ക് സമയപരിധി അനുവദിച്ചിട്ടുള്ളത്. നിശ്ചിത സമയത്തിനുള്ളിൽ പുതിയ സംവിധാനത്തിലേക്ക് മാറാത്ത സ്ഥാപനങ്ങളുടെ എസ്എംഎസ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം.
ബിസിനസ് ആവശ്യങ്ങൾക്കായി വിവിധ ആപ്ലിക്കേഷനുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് സ്വയമേവ സന്ദേശങ്ങൾ അയക്കുന്ന രീതിയാണ് 'എ2പി എസ്എംഎസ്' എന്നറിയപ്പെടുന്ന ഈ ഡയറക്ട് മോഡൽ. ഒടിപികൾ, ബാങ്കിങ് അറിയിപ്പുകൾ, മാർക്കറ്റിങ് സന്ദേശങ്ങൾ, പ്രൊമോഷണൽ വിവരങ്ങൾ, ഓർഡർ അപ്‌ഡേറ്റുകൾ എന്നിവ അയക്കാൻ എസ്എംഎസ് ഉപയോഗിക്കുന്ന എല്ലാവർക്കും ഈ നിയമം ബാധകമാണ്.
സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഇ-കോമേഴ്‌സ് കമ്പനികൾ, ആരോഗ്യ സേവന ദാതാക്കൾ, ലോജിസ്റ്റിക്‌സ് കമ്പനികൾ തുടങ്ങി ഉപഭോക്താക്കളുമായി എസ്എംഎസ് വഴി സംവദിക്കുന്ന മുഴുവൻ സ്ഥാപനങ്ങളും നിർബന്ധമായും ഈ പുതിയ നിയമം പാലിക്കേണ്ടതുണ്ട്.
Content Highlights: The UAE has announced new rules governing SMS services, mandating companies to migrate to a direct messaging model. The move is intended to improve message authentication, reduce fraudulent communications, and strengthen consumer trust in digital communication services.