

ആലപ്പുഴ: എഡിജിപി എം ആര്‍ അജിത് കുമാറിന്റെ സസ്‌പെന്‍ഷനില്‍ പ്രതികരിച്ച് എ ഡി തോമസ് എംഎല്‍എ. വെട്ടേറ്റത് മഴു മറന്നിരുന്നു എന്നാല്‍ മരം മറന്നിരുന്നില്ലെന്ന് പറഞ്ഞാണ് എ ഡി തോമസ് രംഗത്തെത്തിയത്. പി ശശിക്കും എംആര്‍ അജിത് കുമാറിനിമുള്ള മുന്നറിയിപ്പാണ് ഈ നടപടിയെന്ന് എ ഡി തോമസ് വ്യക്തമാക്കി. കേരളത്തിലെ പൊതുജനങ്ങള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിച്ച ദിനമാണ് ഇന്നെന്നും എ ഡി തോമസ് പറഞ്ഞു. എന്തുകൊണ്ടാണ് കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയ ദിനമാണ് ഇന്നെന്നും അദ്ദേഹം പറഞ്ഞു.
'വെട്ടേറ്റത് മഴു മറന്നിരുന്നു എന്നാല്‍ മരം മറന്നിരുന്നില്ല. വെട്ടേറ്റത് കേരളത്തിന്റെ പൊതു മനഃസാക്ഷിക്കാണ്. കേരളത്തിലെ യുവജനങ്ങളുടെ തലതല്ലി പൊളിക്കാമെന്ന് ഇനി ആരും കരുതരുത്. അത് രക്ഷാപ്രവര്‍ത്തനമാണ് എന്ന് ആരും വാഴ്ത്തി പാടരുത്. പി ശശിമാര്‍ക്കും എംആര്‍ അജിത് കുമാര്‍മാര്‍ക്കും ഉള്ള മുന്നറിയിപ്പാണ് ഈ സര്‍ക്കാര്‍ നല്‍കുന്നത്' എന്നും എ ഡി തോമസ് പറഞ്ഞു. ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനത്തിൽ എ ഡി തോമസ് അടക്കമുള്ള കെ എസ് യു പ്രവർത്തകരാണ് പൊലീസ് മർദ്ദനത്തിന് ഇരയായത്.
ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ഗൺമാന്മാർ കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിലാണ് എഡിജിപി എം ആർ അജിത് കുമാറിന് സസ്പെൻഷൻ കിട്ടിയത്. ഡിജിപിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് ആഭ്യന്തരമന്ത്രി നടപടിക്ക് അനുമതി നൽകിയത്
ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തനകേസ് അട്ടിമറിച്ചെന്ന കണ്ടെത്തലുള്ള എസ്‌ഐടി റിപ്പോര്‍ട്ട് ഡിജിപി ഇന്നലെ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു. ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഗണ്‍മാന്‍മാരുടെ മര്‍ദ്ദനക്കേസ് എം ആര്‍ അജിത് കുമാര്‍ അട്ടിമറിച്ചു എന്നാണ് എസ്‌ഐടി കണ്ടെത്തല്‍. വിഷയത്തില്‍ എം ആര്‍ അജിത് കുമാറിനോട് നേരത്തെ ഡിജിപി വിശദീകരണം തേടിയിരുന്നു. എസ്‌ഐടി കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍ ഇടപെട്ടതിന്റെ തെളിവുകള്‍ എസ്ഐടി ഡിജിപിക്ക് നല്‍കിയിരുന്നു. അജിത് കുമാറിന്റെ പേരെടുത്ത് പറയുന്ന റിപ്പോര്‍ട്ടില്‍ കൂടുതല്‍ തെളിവുകളും കൈമാറിയിരുന്നു.
Content Highlights: A D Thomas MLA has reacted to the suspension of ADGP M R Ajith Kumar, calling for accountability and a fair investigation.