

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിക്കുന്ന 'ഉന്മാദം' സിനിമയിലെ ആദ്യ ഗാനം പുറത്ത്. 'അകലെ ഒരു സ്വർണ്ണ കലമാനോ…' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സംഗീത സംവിധായകൻ ബിജിബാലാണ്. വിനായക് ശശികുമാർ വരികളെഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് മുജീബ് മജീദാണ്. ജൂലൈ 31നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.
ഗാനത്തിനിടയിൽ 'ഇതുവരെയാരും പറയാക്കഥയിത്, ഇരുളിൻ മറവിലെ മായക്കഥ' എന്ന വരികള്‍ സിനിമയുടെ കഥാവഴിയെ കുറിച്ചുള്ള സൂചനകള്‍ നൽകുന്നതാണ്. കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന ഷെല്ലി എന്ന കഥാപാത്രത്തിന്‍റെ അച്ഛന്‍റെ മരണ ശേഷമുള്ള വീട്ടിലെ ചില രംഗങ്ങളാണ് ഗാന രംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സമാനതകളില്ലാത്ത അഭിനയ മുഹൂർത്തങ്ങളുമായി എത്തിയ ട്രെയിലർ അടുത്തിടെ വലിയ രീതിയിൽ ചർച്ചയായിരുന്നു. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പനോരമ സ്റ്റുഡിയോസിന്‍റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭമായ 'ഉന്മാദം' മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്.
തീർത്തും വേറിട്ടൊരു പോലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബൻ്റേത് എന്നാണ് ട്രെയിലർ സൂചന നൽകിയിട്ടുള്ളത്. ഒരു സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാൽ പ്രശ്‌നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീർ 'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്നതാണ് ചിത്രം.
മികച്ച എഡിറ്റർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഇഷ്‌ക് എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയ കിരൺ ദാസ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി, മൂത്തോൻ, രോമാഞ്ചം, റോഷാക്ക്, ജോസഫ്, ഇലവീഴാ പൂഞ്ചിറ തുടങ്ങി മലയാളത്തിലെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവ്വഹിച്ചിട്ടുണ്ട്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന 'ഉന്മാദം' നിർമ്മാണം നിർവ്വഹിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ്. റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമ്മാതാക്കളും അഭിനവ് മെഹ്‌റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്.
ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റർ: കിരൺ ദാസ്, സംഗീതം: മുജീബ് മജീദ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: റോണക്‌സ് സേവ്യർ, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, അസോസിയേറ്റ് പ്രൊഡ്യൂസർ: കമലേഷ് കുമാർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ്‌മോങ്ക്സ്. പിആർഒ: ആതിര ദിൽജിത്ത്.
Content Highlights: The makers of Unmadam have released the film's first song, offering a glimpse into its mysterious world. The movie is set to hit theatres on July 31.