

മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ധാരാളമായി താമസിക്കുന്ന കുവൈറ്റിലെ ജലീബ് അൽ ഷുയൂഖിൽ അധികൃതർ വൻ സുരക്ഷാ പരിശോധന നടത്തി. കുവൈറ്റിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് നാല് സുരക്ഷാ സേനകളും വിവിധ സർക്കാർ വകുപ്പുകളും സംയുക്തമായി ഇത്തരമൊരു മെഗാ സുരക്ഷാ ഓപ്പറേഷൻ സംഘടിപ്പിക്കുന്നത്. നിയമലംഘനം നടത്തിയ കെട്ടിടങ്ങൾ, അനധികൃത താമസക്കാർ, വിസാ നിയമലംഘകർ, ലൈസൻസില്ലാത്ത കടകൾ എന്നിവ ലക്ഷ്യമിട്ടുള്ള കർശന നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് വ്യക്തമാക്കിയിട്ടുണ്ട്.
ഉപപ്രധാനമന്ത്രി കൂടിയായ ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ബുധനാഴ്ചയായിരുന്നു ഈ മിന്നൽ പരിശോധന നടന്നത്. കുവൈറ്റ് സൈന്യം, ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ്, ജനറൽ ഫയർ ഫോഴ്‌സ് എന്നീ നാല് സായുധ വിഭാഗങ്ങൾ ഒരുമിച്ച് ഒരു സുരക്ഷാ ദൗത്യത്തിൽ കൈകോർക്കുന്നത് ഇതാദ്യമായാണ്. ഇവർക്കൊപ്പം വൈദ്യുതി, പൊതുമരാമത്ത്, വാണിജ്യം, മാൻപവർ അതോറിറ്റി, മുൻസിപ്പാലിറ്റി, ആരോഗ്യ മന്ത്രാലയം തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളും ഈ വിപുലമായ പരിശോധനയിൽ പങ്കാളികളായി.
സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും കണ്ടെത്തുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും അമിത തിരക്കുള്ളതുമായ ലേബർ ക്യാമ്പുകൾ ഒഴിവാക്കുക എന്നിവയായിരുന്നു പരിശോധനയുടെ പ്രധാന ലക്ഷ്യങ്ങൾ. ഇതിനൊപ്പം തന്നെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾ പൂട്ടിക്കുകയും വിസാ നിയമലംഘകരെ പിടികൂടുകയും ചെയ്തു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതിയും വെള്ളവും അധികൃതർ ഈ പരിശോധനയുടെ ഭാഗമായി വിച്ഛേദിച്ചിട്ടുണ്ട്.
ജലീബ് അൽ ഷുയൂഖിലെ പരിസ്ഥിതി-ആരോഗ്യ സാഹചര്യങ്ങൾ അതീവ ഗുരുതരമാണെന്നും അവിടെ താമസിക്കുന്നവർ വഴി രോഗങ്ങൾ പകരാൻ വലിയ സാധ്യതയുണ്ടെന്നും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. പൊതുജനാരോഗ്യവും സുരക്ഷയും മുൻനിർത്തിയാണ് ഈ കടുത്ത നടപടികളെന്നും പരിശോധനകളുടെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്നവർക്കായി എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള താൽക്കാലിക താമസ കേന്ദ്രങ്ങൾ സർക്കാർ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജലീബിൽ ആരംഭിച്ച ഈ സുരക്ഷാ ഓപ്പറേഷൻ വരും ദിവസങ്ങളിൽ കുവൈറ്റിലെ എല്ലാ ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കെട്ടിടങ്ങൾ ആവശ്യമെങ്കിൽ പൊളിച്ചുനീക്കുമെന്നും നിയമലംഘനങ്ങളോട് ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കുവൈറ്റ് സർക്കാർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlights: Kuwait conducted a large-scale security inspection in a region where many expatriates reside. The operation is being described as a significant move aimed at strengthening security and monitoring violations.