കുവൈറ്റില്‍ മലയാളി ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ തോക്കുചൂണ്ടി കവര്‍ച്ച; രണ്ട് പേര്‍ അറസ്റ്റില്‍

അറസ്റ്റിന് ശേഷം നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ പ്രതികള്‍ കവര്‍ച്ചയ്ക്കായി ഉപയോഗിച്ചത് കളിത്തോക്കാണെന്ന് സുരക്ഷാ വിഭാഗം കണ്ടെത്തി

കുവൈറ്റില്‍ മലയാളി ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ തോക്കുചൂണ്ടി കവര്‍ച്ച; രണ്ട് പേര്‍ അറസ്റ്റില്‍
dot image

കുവൈറ്റിലെ ജലീബ് അല്‍ ഷുയൂഖില്‍ മലയാളി ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ തോക്കുചൂണ്ടി വന്‍ സ്വര്‍ണ്ണക്കവര്‍ച്ച. രണ്ട് സിറിയന്‍ പൗരന്മാരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. വിപണിയില്‍ ഏകദേശം ഒരു കോടിയിലധികം ഇന്ത്യന്‍ രൂപ വിലമതിക്കുന്ന 39,000 കുവൈത്തി ദിനാറിന്റെ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും മൊബൈല്‍ ഫോണുകളുമാണ് പ്രതികള്‍ കവര്‍ന്നത്.

ജലീബ് അല്‍ ഷുയൂഖിലെ ജനത്തിരക്കേറിയ മലയാളി ജ്വല്ലറിയിലാണ് നാടകീയമായ കവര്‍ച്ച അരങ്ങേറിയത്. ഹെല്‍മറ്റും മാസ്‌കും ധരിച്ചെത്തിയ രണ്ട് പ്രതികള്‍ ജീവനക്കാരെ തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവുമായി കടന്നുകളയുകയായിരുന്നു. അറസ്റ്റിന് ശേഷം നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ പ്രതികള്‍ കവര്‍ച്ചയ്ക്കായി ഉപയോഗിച്ചത് കളിത്തോക്കാണെന്ന് സുരക്ഷാ വിഭാഗം കണ്ടെത്തി.

സംഭവം നടന്നയുടന്‍ തന്നെ കുവൈത്ത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കുകയും വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് പ്രതികളായ രണ്ട് സിറിയന്‍ പൗരന്മാര്‍ പിടിയിലാകുന്നത്. ഇതില്‍ ഒരാള്‍ നേരത്തെയും വിസ നിയമലംഘനത്തിന് പൊലീസിന്റെ ഒളിവില്‍ പോയവരുടെ പട്ടികയിലുള്ള ആളാണെന്ന് വ്യക്തമായിട്ടുണ്ട്.

കവര്‍ച്ച നടത്താനായി പ്രതികള്‍ വാഹനം മോഷ്ടിച്ചാണ് ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി. കൃത്യത്തിന് ശേഷം തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വാഹനം ജലീബ് അല്‍ ഷുയൂഖിലെ വിജനമായ സ്ഥലത്ത് വെച്ച് പ്രതികള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു. പിടിയിലായ പ്രതികളെയും വീണ്ടെടുത്ത സ്വര്‍ണ്ണാഭരണങ്ങളും തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്തിന്റെ സുരക്ഷയ്ക്കും പൊതു ക്രമസമാധാനത്തിനും ഭീഷണി ഉയര്‍ത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നടപടികള്‍ തുടരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Content Highlights: A Malayali-owned jewellery shop in Jleeb Al Shuyoukh, Kuwait, was targeted in a major armed robbery. The assailants allegedly used a firearm to threaten those present before carrying out the gold theft

dot image
To advertise here,contact us
dot image