

ലോകകപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്തിനെതിരെ മിന്നും കംബാക്ക് ജയമാണ് അർജന്റീന നേടിയത്. എന്നാൽ മത്സരത്തിൽ മെസിയും സംഘവും നടത്തിയ തിരിച്ചുവരവിനേക്കാള്‍ മത്സരത്തിലെ ചില വാര്‍ തീരുമാനങ്ങളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചാവിഷയമായിരിക്കുന്നത്.
ഈജിപ്തിന്റെ ഒരു ഗോള്‍ നിഷേധിക്കപ്പെട്ടതും അവര്‍ക്ക് അനുകൂലമായ ഫൗള്‍ റഫറി പരിശോധിക്കാതിരുന്നതും വലിയ വിവാദമായിട്ടുണ്ട്. ഫുട്‌ബോള്‍ നിയമങ്ങള്‍ പ്രകാരം റഫറിയുടെ തീരുമാനം ശരിയായിരുന്നോ എന്ന് നോക്കാം.
മത്സരത്തിന്റെ 58-ാം മിനിറ്റില്‍ ഈജിപ്ത് താരം മുസ്തഫ സിക്കോ നേടിയ ഗോള്‍ വാര്‍ പരിശോധനയ്ക്ക് ശേഷം റഫറി ഫ്രാന്‍സ്വ ലെറ്റെക്‌സിയര്‍ റദ്ദാക്കി. ഈജിപ്ഷ്യന്‍ താരം മര്‍വാന്‍ ആതിയ അര്‍ജന്റീന പ്രതിരോധ താരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസിനെ ഫൗള്‍ ചെയ്തതാണ് ഗോള്‍ നിഷേധിക്കാന്‍ കാരണമായത്.
ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് നിയമപ്രകാരം, ഒരു ഗോള്‍ നേടുന്നതിന് മുന്‍പുള്ള 'അറ്റാക്കിങ് പൊസഷന്‍ ഫേസ്' (എപിപി) പരിശോധിക്കാന്‍ വാറിന് അധികാരമുണ്ട്. ഒരു ഗോള്‍ നേടുന്നതിന് കാരണമായ അതേ നീക്കത്തില്‍ എന്തെങ്കിലും നിയമലംഘനം (ഫൗള്‍, ഹാന്‍ഡ്ബോള്‍, ഓഫ്സൈഡ്) നടത്തിയിട്ടുണ്ടെങ്കില്‍ ആ ഗോള്‍ റദ്ദാക്കാവുന്നതാണ്. മര്‍വാന്‍ ആതിയ എതിര്‍താരത്തിന്റെ കാലില്‍ ചവിട്ടിയതും ജേഴ്‌സിയില്‍ പിടിച്ചു വലിച്ചതും നിയമപ്രകാരം ഫൗള്‍ ആയി കണക്കാക്കാം.
എങ്കിലും, ഈ ഫൗള്‍ നടന്നത് ഗോള്‍ നേടിയ സ്ഥലത്തു നിന്നും 100 വാര അകലെയാണെന്നും ഏകദേശം 10 സെക്കന്‍ഡുകള്‍ക്ക് മുന്‍പാണ് നടന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ തീരുമാനം വാറിന്റെ പരിധിക്ക് അപ്പുറമാണെന്ന് മുന്‍ റഫറി മാര്‍ക്ക് ക്ലാറ്റന്‍ബര്‍ഗ് അടക്കമുള്ളവര്‍ വാദിക്കുന്നു. എന്നാല്‍, പന്തിന്റെ നിയന്ത്രണം ആ ഫൗളിലൂടെയാണ് ഈജിപ്തിന് ലഭിച്ചത് എന്നതുകൊണ്ട് നിയമപരമായ നടപടി ശരിയാണെന്ന് വാര്‍ വിദഗ്ധനായ ജോ മക്‌നിക് അഭിപ്രായപ്പെടുന്നു.
അര്‍ജന്റീനയുടെ വിജയഗോളിന് തൊട്ടുമുന്‍പ് തങ്ങള്‍ക്ക് അനുകൂലമായി ഒരു പെനാല്‍റ്റി ലഭിക്കേണ്ടതായിരുന്നുവെന്ന് ഈജിപ്ത് പരിശീലകന്‍ ഹോസം ഹസ്സന്‍ ആരോപിക്കുന്നു. ഈ നീക്കം വാര്‍ പരിശോധനയ്ക്ക് പോലും വിധേയമാക്കിയില്ല എന്നത് വലിയ അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗോളുകള്‍, പെനാല്‍റ്റികള്‍, ചുവപ്പ് കാര്‍ഡുകള്‍, ആളുമാറി കാര്‍ഡ് നല്‍കല്‍ എന്നീ നാല് സാഹചര്യങ്ങളില്‍ മാത്രമേ വാര്‍ ഇടപെടുകയുള്ളൂ. ഒരു ഗോള്‍ വീണാല്‍ അതിനു മുന്നോടിയായുള്ള നീക്കങ്ങള്‍ വാര്‍ സ്വമേധയാ പരിശോധിക്കേണ്ടതാണ്. എന്നാല്‍ അര്‍ജന്റീനയുടെ ഗോളിന് മുന്‍പ് നടന്നുവെന്ന് പറയപ്പെടുന്ന ഫൗള്‍ 'വ്യക്തമായ പിഴവ്' ആണെന്ന് വാര്‍ റൂമിലുള്ളവര്‍ക്ക് തോന്നാതിരുന്നതാകാം റഫറിയെ അറിയിക്കാതിരുന്നതിന് കാരണം.
തങ്ങള്‍ അനീതിക്ക് ഇരയായായെന്നാണ് ഈജിപ്ഷ്യന്‍ പരിശീലകന്‍ മത്സരശേഷം പ്രതികരിച്ചത്. അര്‍ജന്റീനയെയും മെസിയെയും ടൂര്‍ണമെന്റില്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.
content highlights:egypt vs argentina goal disallowed foul controversy explained