

കുവൈറ്റിൽ വ്യാജ കമ്പനികളും ഇതര പണമിടപാട് സംവിധാനങ്ങളും വഴി ദശലക്ഷക്കണക്കിന് ദിനാർ കടത്തിയ ഓൺലൈൻ ചൂതാട്ട, കള്ളപ്പണം വെളുപ്പിക്കൽ ശൃംഖല പ്രവർത്തിപ്പിച്ചതിന് ഒരു സിറിയൻ പൗരനും രണ്ട് ഈജിപ്ഷ്യൻ സ്വദേശികൾക്കും കുവൈറ്റ് അപ്പീൽ കോടതി ഏഴ് വർഷം വീതം തടവുശിക്ഷ വിധിച്ചു. അന്താരാഷ്ട്ര ഇലക്ട്രോണിക് ബെറ്റിംഗ് (ചൂതാട്ട) കേന്ദ്രം നടത്തുക, അതിലൂടെ ലഭിച്ച പണം വെളുപ്പിക്കുക എന്നീ കുറ്റകൃത്യങ്ങളിൽ പ്രതികളായ മൂന്ന് പേർക്കും അപ്പീൽ കോടതി 1.6839 കോടി കുവൈറ്റ് ദിനാർ പിഴയും ചുമത്തിയിട്ടുമുണ്ട്.
നിയമവിരുദ്ധമായ ഓൺലൈൻ ചൂതാട്ട ഇടപാടുകളുമായി ബന്ധപ്പെട്ട പണം ഒളിപ്പിക്കുന്നതിനും കൈമാറുന്നതിനുമുള്ള മറയായി പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, അഞ്ച് വ്യാജ കമ്പനികൾക്ക് 84.19 ലക്ഷം കുവൈറ്റ് ദിനാർ കോടതി കൂടുതൽ പിഴ ചുമത്തി.
സിറിയൻ സ്വദേശിയായ പ്രതി ഒരു ആഗോള ഓൺലൈൻ ചൂതാട്ട പ്ലാറ്റ്‌ഫോമിന്റെ ഏജന്റായി പ്രവർത്തിക്കുകയും വ്യാജ കമ്പനികളും വ്യാജ ഇൻവോയ്‌സുകളും വഴി ചൂതാട്ടത്തിലൂടെ ലഭിക്കുന്ന പണം കടത്തുന്ന ഒരു ശൃംഖലയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. ഈ തുക അനധികൃത പണമിടപാട് മാർഗ്ഗങ്ങളിലൂടെ വിദേശത്തേക്ക് കടത്തുകയുമായിരുന്നു.
കുവൈറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, സ്റ്റേറ്റ് സെക്യൂരിറ്റി അധികൃതർ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്ത് വിചാരണയ്ക്ക് അയക്കുന്നതിന് മുൻപ് ഈ ശൃംഖലയുടെ പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളും കണ്ടെത്തിയത്. ഇടപാടുകളിൽ ഉൾപ്പെട്ടിരിക്കുന്ന തുക 84.19 ലക്ഷം കുവൈറ്റ് ദിനാറിലധികം വരുമെന്ന് അധികൃതർ അറിയിച്ചു. ഓൺലൈൻ ചൂതാട്ടവും അതിർത്തി കടന്നുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളും ഉൾപ്പെടെയുള്ള കള്ളപ്പണം വെളുപ്പിക്കലിനും നിയമവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾക്കും എതിരെ കുവൈറ്റും മറ്റ് ജിസിസി രാജ്യങ്ങളും ശക്തമായ നടപടികൾ സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ കേസ് പുറത്തുവരുന്നത്.
Content Highlights: Authorities in Kuwait arrested three people in connection with a financial fraud case involving the transfer of millions of dinars through shell companies. Investigations suggest a coordinated attempt to launder money using fake business entities.