

ആഭ്യന്തര വിപണിയിൽ ഇന്ന് സമ്മിശ്ര പ്രകടനമാണ് കണ്ടത്. വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ നിഫ്റ്റി 23,400 എന്ന നിർണായക നിലവാരം തിരികെ പിടിച്ചപ്പോൾ, സെൻസെക്സ് 304 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു. ദിവസം മുഴുവൻ വലിയ ചാഞ്ചാട്ടത്തിനാണ് വിപണി സാക്ഷ്യം വഹിച്ചത്. രാവിലെ ഇടിവിൽ തുടങ്ങിയ വിപണി ഒരു ഘട്ടത്തിൽ കൂടുതൽ നഷ്ടത്തിലേക്ക് നീങ്ങിയെങ്കിലും, പിന്നീട് വാങ്ങൽ താൽപര്യം വർധിച്ചതോടെ നഷ്ടത്തിന്റെ വലിയൊരു ഭാഗം വീണ്ടെടുക്കാൻ സാധിച്ചു.
ഐടി ഓഹരികളിലുണ്ടായ കനത്ത വില്പനാ സമ്മർദ്ദം വിപണിയുടെ മുന്നേറ്റത്തിന് പ്രധാന തടസ്സമായി. തുടർച്ചയായ മുന്നേറ്റങ്ങൾക്ക് പിന്നാലെ ഐടി ഓഹരികളിലുണ്ടായ ലാഭമെടുപ്പാണ് ഇന്ന് സൂചികയിൽ സമ്മർദ്ദം കൂട്ടിയത്. അതേസമയം മറ്റ് സൂചികകളിൽ വാങ്ങൽ താൽപര്യം പ്രകടമായിരുന്നു. 23,400 എന്ന നിലവാരത്തിന് മുകളിലായി നിഫ്റ്റി ക്ലോസ് ചെയ്തത് സാങ്കേതികമായി പോസിറ്റീവ് സൂചനയായാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. ഈ നില നിലനിർത്താൻ കഴിഞ്ഞാൽ അടുത്ത സെഷനുകളിലും വിപണിക്ക് കൂടുതൽ പിന്തുണ ലഭിക്കാമെന്നാണ് നിരീക്ഷണം.
അയവില്ലാതെ യുഎസും ഇറാനും
യുഎസും ഇറാനും തമ്മിലുള്ള ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തത് നിക്ഷേപകരിൽ അനിശ്ചിതത്വം വർധിപ്പിക്കുകയാണ്. ഇതിനിടെ പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമായതും വിപണിയെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ബഹ്റൈൻ, കുവൈത്ത് ഉൾപ്പെടെയുള്ള മേഖലകളിലേക്ക് ഇറാൻ നടത്തിയതായി റിപ്പോർട്ട് ചെയ്ത മിസൈൽ ആക്രമണ ശ്രമങ്ങൾ തടഞ്ഞതായി അമേരിക്കൻ സൈന്യം അറിയിച്ചു. എന്നാൽ മേഖലയിൽ സംഘർഷം തുടരുന്നതും നയതന്ത്ര ചർച്ചകളിൽ വ്യക്തത ഇല്ലാത്തതും ആഗോള വിപണികളിൽ ആശങ്ക സൃഷ്ടിക്കുകയാണ്.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ ഗതാഗത പാതകളിലൊന്നായ ഹോർമുസ് സംബന്ധിച്ച അനിശ്ചിതത്വം ക്രൂഡ് ഓയിൽ വില ഉയരാൻ കാരണമായി. ഇതിന്റെ ഫലമായി ബ്രെന്റ് ക്രൂഡ് വില ബാരലിന് 97 ഡോളറിനടുത്ത് എത്തി. എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് ഇത് വലിയ വെല്ലുവിളികളാണ് ഉയർത്തുന്നത്. സ്വാഭാവികമായും ഇതും നിക്ഷകരിൽ ആശങ്കയ്ക്ക് കാരണമായി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരികളിൽ നിന്ന് തുടർച്ചയായി പണം പിൻവലിക്കുന്നതും വിപണിക്ക് കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുകയാണ്.
നിർണായക ആർബിഐ യോഗം
ജൂൺ 5 വരെ നടക്കുന്ന ആർബിഐയുടെ ധനനയ സമിതി യോഗ തീരുമാനത്തിനായി നിക്ഷേപകർ കാത്തിരിക്കുകയാണ്. പലിശനിരക്കിൽ മാറ്റമുണ്ടാകില്ലെന്നാണ് പൊതുവെ പ്രതീക്ഷിക്കുന്നതെങ്കിലും, പണപ്പെരുപ്പത്തെക്കുറിച്ചുള്ള കേന്ദ്ര ബാങ്കിന്റെ നിലപാട് കൂടുതൽ കർശനമായിരിക്കുമോ എന്ന ആശങ്ക വിപണിയിലുണ്ട്. ആഗോള വിപണികളിലെ ചലനങ്ങൾ, വിദേശ നിക്ഷേപകരുടെ ഫണ്ട് ഒഴുക്ക്, വരാനിരിക്കുന്ന സാമ്പത്തിക ഡാറ്റകൾ എന്നിവയാണ് ഇനി വിപണിയുടെ തുടർന്നുള്ള പ്രകടനം നിർണയിക്കുന്നതിൽ സ്വാധീനം ചെലുത്തുക. അതിനാൽ തന്നെ വിപണിയിൽ ജാഗ്രതാ സമീപനം അനിവാര്യമാണെന്നാണ് വിദഗ്‌ദ്ധർ നൽകുന്ന മുന്നറിയിപ്പ്.
Content HIghlights:Nifty Holds Key 23,400 Level Amid Global Uncertainty and Oil Price Concerns