

കുവൈറ്റിനെ ലക്ഷ്യമാക്കി ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണ ശ്രമങ്ങളെ ഗൾഫ് ശക്തമായി അപലപിച്ച് സഹകരണ കൗൺസിൽ. കുവൈറ്റിന്റെ സുരക്ഷ ജിസിസി രാജ്യങ്ങളുടെ കൂട്ടായ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും എല്ലാ അംഗരാജ്യങ്ങളും കുവൈറ്റിനൊപ്പം ഉറച്ചുനിൽക്കുന്നതായും ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ-ബുദൈവി വ്യക്തമാക്കി.
ഇറാന്റെ നടപടികൾ അപകടകരവും നിരുത്തരവാദപരവുമാണെന്നും കുവൈറ്റിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും വ്യക്തമായ ലംഘനവുമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ആക്രമണശ്രമങ്ങൾ മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും സമാധാനവും സംഘർഷ ശമനവും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കുവൈറ്റ് സ്വീകരിക്കുന്ന എല്ലാ പ്രതിരോധ-സുരക്ഷാ നടപടികൾക്കും ജിസിസിയുടെ പൂർണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കുവൈറ്റിനെ ലക്ഷ്യമാക്കി ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണശ്രമങ്ങളെ കുവൈറ്റ് സർക്കാരും ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയാണ് ഇത്തരം നടപടികളെന്ന് കുവൈറ്റ് വ്യക്തമാക്കി. ഇറാന്റെ നടപടികൾ രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്നും കുവൈറ്റ് ചൂണ്ടിക്കാട്ടി.
പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ സുരക്ഷയും ഭൂരിഭാഗവും സംരക്ഷിക്കുന്നതിനുമായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ കുവൈറ്റിന് പൂർണ അവകാശമുണ്ടെന്നും അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണശ്രമം ഉൾപ്പെടെ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് കുവൈറ്റിനെ ലക്ഷ്യമാക്കി ആക്രമണശ്രമം ഉണ്ടായിരിക്കുന്നത്. ഈ സംഭവവികാസങ്ങൾ മേഖലയിൽ ആശങ്ക വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് ജിസിസിയും കുവൈറ്റും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.
Content Highlights: The Gulf Cooperation Council (GCC) has issued a strong condemnation following repeated attempts targeting Kuwait. The bloc emphasized the need for regional unity and reinforced its commitment to maintaining security and stability across member states.