

കുവൈത്തില്‍ നിയമ ലംഘകര്‍ക്കെതിരായ നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ വര്‍ഷം മാത്രം 39,000 ത്തിലധികം പ്രവാസികളെയാണ് രാജ്യത്ത് നിന്ന് നാടുകടത്തിയത്. നിയമ ലംഘകര്‍ക്കെതിരായ നടപടി ശക്തമായി തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് 2025ല്‍ രാജ്യത്ത് നിന്ന് നാടുകടത്തിയ പ്രവാസികളുടെ വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ പിടിയിലായ 39,487 പ്രവാസികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മതിയായ താമസരേഖയില്ലാതെ രാജ്യത്ത് തുടര്‍ന്നവരും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരുമാണ് ഇതില്‍ ഏറെയും. മയക്കുമരുന്ന് കേസുകളില്‍ പിടിയിലായ നിരവധി പ്രവാസികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ പലരും ലഹരിമരുന്ന് കൈവശം വെച്ചതിനോ ഉപയോഗിച്ചതിനോ അറസ്റ്റിലായവരാണ്.
കുടുംബത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തിരുന്ന നിരവധി ആളുകളെയും നാടുകടത്തി. സ്‌പോണ്‍സര്‍ നാടുകടത്തപ്പെട്ടതോടെ അവരെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബാംഗങ്ങളുടെ താമസാനുമതിയും റദ്ദാക്കി. ഇത്തരത്തില്‍ നിരവധി കുടുംബങ്ങള്‍ക്കാണ് രാജ്യം വിടേണ്ടി വന്നത്. നിയമ ലംഘകരെ കണ്ടെത്തുന്നതിനായുള്ള പരിശോധന കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. ഇത്തരക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിയമ ലംഘകര്‍ക്ക് സഹായം ചെയ്ത് നല്‍കുന്നതും ഗുരുതരമായ കുറ്റമാണ്. തടവും കനത്ത പിഴയും ഉള്‍പ്പെടെയുളള ശിക്ഷാ നടപടികളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. നിയമ ലംഘകരെ ക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അക്കാര്യം അറിയിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. മന്ത്രാലയത്തിന്റെ വെബസൈറ്റ് വഴിയും ടോള്‍ ഫ്രീ നമ്പറിലൂടെയും വിവരങ്ങള്‍ കൈമാറാനാകും.
Content Highlights: Kuwait has enforced stricter measures against lawbreakers, resulting in the deportation of over 39,000 expatriates last year. The move aims to strengthen compliance with national laws and ensure orderly residency, reflecting the government’s focus on maintaining legal and social order in the country.