കുവൈത്തിൽ വിഷമദ്യം കഴിച്ച് പ്രവാസികൾ മരിച്ച സംഭവം; വിവിധ വകുപ്പുകളുടെ അന്വേഷണം തുടങ്ങി

നിര്‍മാണ തൊഴിലാളികളായ പ്രവാസികളാണ് മരിച്ചവരില്‍ ഏറെയും

dot image

കുവൈത്തില്‍ വിഷമദ്യം കഴിച്ച് പ്രവാസികള്‍ മരിച്ചതില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. മരണമടഞ്ഞവരില്‍ മലയാളികളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കേരള, തമിഴ്‌നാട് സ്വദേശികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളാണ് ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നത്.

നിര്‍മാണ തൊഴിലാളികളായ പ്രവാസികളാണ് മരിച്ചവരില്‍ ഏറെയും. പത്ത് പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിച്ചത്. ആഭ്യന്തര മന്ത്രാലയമോ ഇന്ത്യന്‍ എംബസിയോ ഔദ്യോഗികമായി ഒരു വിവരവും പുറത്തുവിട്ടിട്ടില്ലെങ്കിലും മരിച്ചവരില്‍ മലയാളികളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രിയില്‍ കഴിയുന്നവരിലും കേളത്തില്‍ നിന്നുള്ള നിരവധി പ്രവാസികളുണ്ട്. പലരുടെയും കാഴ്ചശക്തി നഷ്ടമായതായും കിഡ്നിയുടെ പ്രവര്‍ത്തനം തകരാറിലായതായും അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫര്‍വാദിയ, ആദാന്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. അഹമ്മദി ഗവര്‍ണറേറ്റിലും നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ജലീബ് ബ്ലോക്ക് ഫോറില്‍ നിന്നാണ് പ്രവാസികള്‍ മദ്യം വാങ്ങിയത്. ഒരേ കേന്ദ്രത്തില്‍ നിന്നും നിര്‍മിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്ത മദ്യമാണ് ദുരന്തത്തിന് കാരണമായത് എന്നാണ് നിഗമനം.

മദ്യം കഴിച്ചതിന് പിന്നാലെ പലരും കുഴഞ്ഞു വീണു. വിശദമായ പരിശോധനയില്‍ വ്യാജ മദ്യമാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് വ്യക്തമായി. ചികിത്സയില്‍ കഴിയവെയാണ് പലരും മരണത്തിന് കീഴടങ്ങിയത്. നിയമക്കുരുക്കുകള്‍ ഭയന്ന് ചിലര്‍ ചികിത്സ തേടാന്‍ തയ്യാറാകാത്തത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്ന ആശങ്കയും സാമൂഹിക പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നുണ്ട്.

സൗദി അറേബ്യക്ക് പുറമെ മദ്യനിരോധനം നിലവിലുള്ള ഒരേയൊരു ഗള്‍ഫ് രാജ്യമാണ് കുവൈത്ത്. പരിശോധന ശക്തമാണെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും അനധികൃത മദ്യവില്‍പ്പന വ്യാപകമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ആഭ്യന്തര വകുപ്പ് നടത്തിയ പരിശോധനയില്‍ ലിറ്ററുകണക്കിന് വ്യാജ മദ്യവും ഇന്ത്യ, നേപ്പാള്‍ സ്വദേശികളായ 52 പേരെയും പിടികൂടിയിരുന്നു.

Content Highlights: Investigation launched on expatriates die after consuming poisoned alcohol in Kuwait

dot image
To advertise here,contact us
dot image