കുവൈത്തിൽ ഫാമിലി വിസയ്ക്കുള്ള ശമ്പള പരിധി ഒഴിവാക്കി; കാലാവധി ഒരു മാസമായി തുടരും

അംഗീകൃത രാജ്യങ്ങളുടെ പട്ടികയും യോഗ്യമായ തൊഴില്‍ വിഭാഗങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും അനുസരിച്ച് നിബന്ധന ഇടയ്ക്കിടെ പുതുക്കും

dot image

കുവൈത്തില്‍ ഫാമിലി വിസയ്ക്കുള്ള ശമ്പള പരിധി ഒഴിവാക്കി. ഫാമിലി വിസയുടെ കാലാവധി ഒരു മാസമായി തന്നെ തുടരും. കുവൈത്തില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുളള നടപടി കൂടുതല്‍ എളുപ്പമാക്കുകയാണ് ആഭ്യന്തര മന്ത്രാലയം.

വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും കൂടുതല്‍ സന്ദര്‍ശകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് വിസാ നിയമങ്ങളിലെ മാറ്റം. പുതിയ നിയമപ്രകാരം പ്രവാസികള്‍ക്ക് ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ക്ക് എന്നിവര്‍ക്ക് പുറമെ നാലാം തലമുറ വരെയുള്ള ബന്ധുക്കളെയും രാജ്യത്തേക്ക് കൊണ്ടുവരാനാകും. വിവാഹ ബന്ധത്തിലൂടെയുളള മൂന്നാം തലമുറ വരെയുള്ള ബന്ധുക്കളെയും രാജ്യത്ത് എത്തിക്കുന്നതിന് തടസമില്ല.

അതിനിടെ ഫാമിലി വിസയുടെ കാലാവധി ഒരു മാസമായി തന്നെ തുടരുമെന്ന് റെസിഡന്‍സി അഫയേഴ്സ് സെക്ടറിലെ കേണല്‍ അബ്ദുല്‍ അസീസ് അല്‍-ഖന്ദരി വ്യക്തമാക്കി. കൂടാതെ, ടൂറിസ്റ്റ് വിസകള്‍ എല്ലാ രാജ്യക്കാര്‍ക്കും ലഭിക്കുമെന്നും ചില പ്രത്യേക നിബന്ധനകള്‍ ബാധകമാണെന്നും അബ്ദുല്‍ അസീസ് അല്‍-ഖന്ദരി അറിയിച്ചു.

അംഗീകൃത രാജ്യങ്ങളുടെ പട്ടികയും യോഗ്യമായ തൊഴില്‍ വിഭാഗങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും അനുസരിച്ച് നിബന്ധന ഇടയ്ക്കിടെ പുതുക്കും. നാല് വിഭാഗങ്ങളിലായാണ് ടൂറിസ്റ്റ് വിസകള്‍ തിരിച്ചിട്ടുള്ളത്. ഓരോ വിഭാഗത്തിനും വ്യത്യസ്ത ഓപ്ഷനുകളും നിബന്ധനകളും ഉണ്ടായിരിക്കും. രാജ്യത്തേക്ക് വരാന്‍ കുവൈത്തിന്റെ ദേശീയ വിമാനക്കമ്പനി മാത്രം തെരഞ്ഞെടുക്കണമെന്ന വ്യവസ്ഥായും ഒഴിവാക്കിയിട്ടുണ്ട്.

വിമാനത്തിന് പുറമെ സമുദ്ര, കര മാര്‍​ഗങ്ങളിലൂടെയും രാജ്യത്ത് പ്രവേശിക്കാനാകും. പൂര്‍ണമായും ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെയായിരിക്കും വിസ ലഭ്യമാക്കുക. ഇതിനായി 'കുവൈത്ത് വിസ'എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനും രൂപം നല്‍കിയിട്ടുണ്ട്. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ സഹകരണത്തോടെയാണ് പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്.

Content Highlights: Kuwait removes minimum salary requirement for family visit visas

dot image
To advertise here,contact us
dot image