

ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന ഗൾഫ് റെയിൽവേ പദ്ധതിക്കായി ബഹ്റൈനിൽ ചരിത്രപരമായ പൊതു കരാർ ഒപ്പുവെച്ചു. മനാമയിലെ അൽ റിഫ കൊട്ടാരത്തിൽ നടന്ന 31-ാമത് ജിസിസി ട്രാൻസ്പോർട്ട് ആൻഡ് കമ്മ്യൂണിക്കേഷൻസ് മിനിസ്റ്റീരിയൽ കമ്മിറ്റി യോഗത്തോടനുബന്ധിച്ചാണ് കരാർ നിലവിൽ വന്നത്. ആറ് ഗൾഫ് രാജ്യങ്ങളെയും കോർത്തിണക്കുന്ന 1,700 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽ ശൃംഖലയുടെ നിർമ്മാണം ഇതിനകം 50 ശതമാനത്തിലേറെ പൂർത്തിയായിക്കഴിഞ്ഞു. 2030 ഡിസംബറോടെ റെയിൽവേ ശൃംഖലയുടെ സമ്പൂർണ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ജിസിസി ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ് അൽബുദൈവി, അംഗരാജ്യങ്ങളിലെ ഗതാഗത-വാർത്താവിനിമയ മന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്. യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ എന്നീ ആറ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഈ റെയിൽ പദ്ധതി മേഖലയിലെ യാത്രക്കാരുടെ സഞ്ചാരത്തിലും ചരക്കുനീക്കത്തിലും വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കും. അതിർത്തി കടന്നുള്ള ഗതാഗതം സുഗമമാക്കാനും പ്രാദേശിക വ്യാപാരം വർദ്ധിപ്പിക്കാനും പദ്ധതി വഴിയൊരുക്കും.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ 2030-ൽ 60 ലക്ഷത്തോളം യാത്രക്കാരായിരിക്കും ഈ റെയിൽ ശൃംഖല ഉപയോഗിക്കുക. 2045 ഓടെ ഇത് 80 ലക്ഷത്തിലധികമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരക്കുനീക്കത്തിൽ 2030-ൽ 200 ദശലക്ഷം ടണ്ണായിരുന്നത് 2045-ഓടെ 271 ദശലക്ഷം ടണ്ണായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. ലോജിസ്റ്റിക്സ് മേഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും പദ്ധതി വലിയ പങ്കുവഹിക്കും.
പ്രൊജക്ട് നടപ്പാക്കൽ, സാങ്കേതികമായ സംയോജനം, രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം, പ്രാദേശിക കണക്റ്റിവിറ്റി എന്നീ നാല് പ്രധാന സ്തംഭങ്ങളിലാണ് ഈ കരാർ കേന്ദ്രീകരിച്ചിരിക്കുന്നത്. അതിർത്തികൾ കടന്നുള്ള റെയിൽവേ പ്രവർത്തനം തടസ്സമില്ലാതെ ഉറപ്പാക്കാൻ ഇത് സഹായിക്കും. ഗതാഗത മേഖലയിലെ ഗൾഫ് സഹകരണത്തിന്റെ സുപ്രധാന നാഴികക്കല്ലാണിതെന്ന് ജിസിസി ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ് അൽബുദൈവി വ്യക്തമാക്കി. ഗൾഫ് ജനതയുടെ ആഗ്രഹങ്ങൾക്കനുസരിച്ച് സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കാൻ ഈ പദ്ധതി ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: GCC countries sign a landmark railway agreement in Bahrain to connect all six member states through an integrated passenger and freight network by December 2030.